സിമ്പിളായൊരു കാര്യം ചെയ്‌താൽ മതി; ഗ്യാസ് കൂടുതൽ കാലം നിൽക്കും
വീട്ടിലെ ഗ്യാസ് സിലിണ്ടർ പെട്ടെന്ന് കാലിയാകുന്നുവെന്ന് പരാതി പറയുന്ന നിരവധി പേരുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാചക വാതകം കൂടുതൽ കാലം ഉപയോഗിക്കാനാകും. എവിടെയെങ്കിലും ചോർച്ചയുണ്ടോയെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കണക്ഷനും ഗ്യാസ് ഹോസുമൊക്കെ പരിശോധിച്ച് ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തണം.
കുക്കറിൽ പാകം ചെയ്താൽ സമയവും പാചക വാതകവും ലാഭിക്കാനാകും. ബർണറിൽ പാത്രം വയ്ക്കുമ്പോഴെല്ലാം അടിഭാഗം വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇത് പാചകം എളുപ്പമാക്കുകയും സമയം ലാഭിക്കുകയും എൽ പി ജി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. വായു സഞ്ചാരമുള്ള സ്ഥലത്തുവേണം ഗ്യാസ് സിലിണ്ടർ സൂക്ഷിക്കാൻ.
ഉയർന്ന നിലവാരമുള്ള ഗ്യാസ് റെഗുലേറ്റർ സ്ഥാപിക്കാൻ ശ്രദ്ധിക്കണം. ഇത് ഗ്യാസ് പാഴായിപ്പോകുന്നത് തടയും. പരമാവധി അടച്ചുവച്ച് പാകം ചെയ്യുക. ഇത് പാചകസമയം കുറയ്ക്കാൻ സഹായിക്കുന്നു. പാകം ചെയ്യുന്ന സമയത്ത് തീജ്വാല നീല നിറമാണ് ഏറ്റവും അനുയോജ്യം. ചുവപ്പ്, ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറങ്ങൾ കണ്ടാൽ ബർണർ വൃത്തിയാക്കാറായി എന്നാണ് അർത്ഥമാക്കുന്നത്. ഇളം ചൂടുവെള്ളവും ബേക്കിംഗ് സോഡയും ഉപയോഗിച്ച് വൃത്തിയാക്കാം. പാചകം കഴിഞ്ഞാൽ ഗ്യാസ് വാൽവ് കൂടി ഓഫാക്കണം. പാചകം പെട്ടെന്നുതീരണമെന്ന് കരുതി എപ്പോഴും ഹൈ ഫ്‌ളെയിമിലിട്ട് കുക്ക് ചെയ്യുന്നവരുണ്ട്. കഴിവതും ലോ ഫ്‌ളെയിമിൽ പാകം ചെയ്യുക. ഇതുവഴിയും പാചക വാതകം ലാഭിക്കാനാകും.