തിരഞ്ഞെടുപ്പ് ചെലവിൽ സ്ഥാനാർത്ഥികൾ ഇതുകൊണ്ട് എന്താവാനാ!
കോട്ടയം: ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് ഒരുമാസം നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ചെലവഴിക്കാൻ കഴിയുന്ന പരമാവധി തുക 25000 രൂപ. ഇതിന്റെ പത്തിരട്ടിയിലേറെ ഇന്ന് ചെലവഴിക്കേണ്ടി വരുമെന്നതിനാൽ 'ഇതുകൊണ്ട് എന്താവാനാ!' എന്നാണ് സ്ഥാനാർത്ഥികളുടെ മറുചോദ്യം. പ്രചാരണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ പ്രവർത്തകരുടെ ഭക്ഷണചെലവ് തന്നെ അൻപതിനായിരത്തിലേറെ വരുമെന്ന് അനുഭവസ്ഥർ പറയുന്നു. ബ്ലോക്ക് ,നഗരസഭാ വാർഡുകളിലേക്ക് 75000, ജില്ലാ പഞ്ചായത്തിലേക്ക് ഒന്നര ലക്ഷം രൂപ... തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം അനുസരിച്ച് ഇത്ര രൂപയേ ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാനാവൂ. ഫലപ്രഖ്യാപന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ചെലവഴിച്ചതിന്റെ കൃത്യമായ കണക്കും ബില്ലും വൗച്ചറടക്കം നൽകണം. അല്ലേൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യത വരും. എന്തായാലും അഡ്ജസ്റ്റ്മെന്റ് കണക്കാണ് എല്ലാ സ്ഥാനാർത്ഥികളും നൽകുകയെന്നത് മറ്റൊരു സത്യം.
ചെലവുകൾ പലവിധം
പോസ്റ്റർ, ചുവരെഴുത്ത്, സ്ലിപ്പ് വിതരണം, മാതൃകാ ബാലറ്റ് പേപ്പർ, മൈക്ക് അനൗൺസ്മെന്റ്, വീട് കയറ്റം, മീറ്റിംഗുകൾ ,വാഹനചെലവ്,ബൂത്ത് കെട്ടൽ, പത്ര പരസ്യം തുടങ്ങി ചെലവ് ലക്ഷങ്ങൾ കഴിയും. അവസാനവട്ടം കോളനികൾ കയറിയുള്ള വോട്ടുപിടുത്തത്തിനും ചെലവേറും.
പിടിച്ചാൽ കിട്ടില്ല
മുക്കാൽ ലക്ഷം വരെ ചെലവഴിക്കാവുന്ന ബ്ലോക്ക് പഞ്ചായത്തിൽ എട്ട് മുതൽ പത്ത് വാർഡുകളും ഒന്നര ലക്ഷം ചെലവഴിക്കാവുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ അൻപത് മുതൽ അറുപത് വാർഡുകൾ വരെ വരും. സാധനങ്ങളുടെ ഇപ്പോഴത്തെ വില വർദ്ധനവ് വെച്ച് ചെലവ് പത്ത് ലക്ഷം കവിയുമെന്ന് ഒരു ജില്ലാ പഞ്ചായത്തംഗം തുറന്നുസമ്മതിക്കുന്നു.
തുകയിൽ മാറ്റമില്ല
നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സ്ഥാനാർത്ഥി കെട്ടിവെയ്ക്കേണ്ട തുകയിൽ മാറ്റംവരുത്തിയിട്ടില്ല. ഗ്രാമപഞ്ചായത്തിൽ 2000, ബ്ലോക്ക് /നഗരസഭകളിൽ 4000, ജില്ലാ പഞ്ചായത്തിൽ 5000 രൂപയാണ് ജാമ്യതുക. പട്ടികജാതി പട്ടികവർഗക്കാർക്ക് ജാമ്യതുകയിൽ അമ്പതു ശതമാനം ഇളവുണ്ട്.