ചങ്ങനാശേരിയിൽ സീറ്റ് വിഭജനം അവസാനഘട്ടത്തിൽ

Wednesday 12 November 2025 6:40 PM IST

ചങ്ങനാശേരി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചങ്ങനാശേരി മേഖലയിൽ സീറ്റ് വിഭജനം അവസാനഘട്ടത്തിലാണ്. ചങ്ങനാശേരി നഗരസഭയിൽ സീറ്റുകൾ സംബന്ധിച്ച് എൽ.ഡി.എഫിൽ ധാരണയായി. യു.ഡി.എഫിലും എൻ.ഡി.എയിലും ചർച്ചകൾ പുരോഗമിക്കുകയാണ്. പഞ്ചായത്തുകളിൽ സീറ്റ് വിഭജന ചർച്ചകൾ ഇന്നോ നാളെയോ പൂർത്തിയാകും. ചങ്ങനാശേരി നഗരസഭയിൽ എൽ.ഡി.എഫിലെ മുഖ്യകക്ഷിയായ സി.പി.എം 21 സീറ്റുകളിൽ മത്സരിക്കും. 2020ൽ 8 സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം)ന് 9 സീറ്റുകൾ നൽകി. സി.പി.ഐയ്ക്ക് 4 സീറ്റുകൾ നൽകി. കഴിഞ്ഞതവണ 4 സീറ്റിൽ മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസിന് ഇത്തവണ 3 സീറ്റുകളാണ് നൽകിയത്. ഒരു സീറ്റിൽ മത്സരിച്ച ആർ.ജെ.ഡിക്ക് ഇത്തവണ സീറ്റില്ല.എൽ.ജെ.ഡിക്കും സീറ്റില്ല.കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ തന്നെ ഘടകകക്ഷികൾക്ക് വിട്ടുനൽകാനാണ് യു.ഡി.എഫിലെ ഏകദേശധാരണ. 2020ൽ 2 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് ഇത്തവണ 3 സീറ്റാണ് ആവശ്യപ്പെട്ടത്. എന്നാൽ, നഗരസഭയിൽ യു.ഡി.എഫ് ഭരണം ഉറപ്പാക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് ലീഗ് പറയുന്നു.

ആനന്ദാശ്രമം വാർഡിൽ ബി.ഡി.ജെ.എസ്

എൻ.ഡി.എയിൽ ആനന്ദാശ്രമം വാർഡ് ബി.ഡി.ജെ.എസിന് നൽകാൻ ധാരണയായി. ബാക്കി സീറ്റുകളിൽ ബി.ജെ.പി മത്സരിക്കും.