ഓട്ടിസമുള്ള മകളെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ച നിലയിൽ
എടപ്പാൾ: ഓട്ടിസം ബാധിച്ച 30കാരിയെയും മാതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ മാണൂർ പുതുക്കുടിയിൽ അനിത(57), മകൾ അഞ്ജന(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജനയെ ഡ്രമ്മിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിലും അനിതയെ വീടിന് മുൻവശത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തി തൂങ്ങി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.രാവിലെ എട്ടോടെ പ്രദേശവാസികളാണ് അനിതയെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടിലെത്തിയപ്പോൾ മുറ്റത്ത് ഡ്രമ്മിൽ മരിച്ച നിലയിൽ മകളെയും കണ്ടെത്തി.
എടപ്പാൾ ഹോസ്പിറ്റലിൽ ജീവനക്കാരനായ മകൻ അജിത്ത് രാത്രി ജോലിക്ക് പോയിരുന്നു. അനിതയുടെ ഭർത്താവ് ഗോപാലകൃഷ്ണൻ ഒരു മാസം മുമ്പാണ് മരിച്ചത്. വേറെ ആരും വീട്ടിലുണ്ടായിരുന്നില്ല. ഭർത്താവിന്റെ മരണം അനിതയെ മാനസികമായി തളർത്തിയിരുന്നു.. അഞ്ജനയക്ക് നടക്കാൻ പോലും കഴിയില്ലായിരുന്നു. വീൽചെയറിലായിരുന്നു ജീവിതം.