മാതാപിതാക്കളും മക്കളുടെ കടമയും

Thursday 13 November 2025 3:46 AM IST

മക്കളെ ചെറുപ്രായത്തിൽ നോക്കി വളർത്തേണ്ടത് മാതാപിതാക്കളുടെയും,​ അച്ഛനും അമ്മയ്ക്കും വയസാകുമ്പോൾ അവരെ നോക്കേണ്ടത് മക്കളുടെയും കടമയാണ്. ഇത് നിയമപരമായ ബാദ്ധ്യതയ്ക്കുപരി ധാർമ്മികമായ ഉത്തരവാദിത്വമാണ്. പരപ്രേരണയാൽ നടക്കേണ്ട ഒന്നല്ല് ഇത്. നമ്മുടെ രാജ്യത്തെ ഭൂരിപക്ഷം കുടുംബങ്ങളും ഇത്തരം ധാർമ്മികമായ ഉത്തരവാദിത്വം നിറവേറ്റിത്തന്നെയാണ് മുന്നോട്ടു പോകുന്നത്. എന്നാൽ ഇതിന് അപവാദങ്ങളും ഇല്ലാതില്ല. വിദേശങ്ങളിൽ പ്രായമായവരെ പാർപ്പിക്കാൻ സർക്കാർ സംവിധാനങ്ങളുണ്ട്. ഇന്ത്യയിലും വയോജന മന്ദിരങ്ങളുണ്ട്. അതുകൂടാതെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന വയോജന സംരക്ഷണ കേന്ദ്രങ്ങളുമുണ്ട്. പ്രവാസികളായ മക്കൾക്കും,​ ജോലിസംബന്ധമായി വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടിവരുന്നവർക്കുമൊക്കെ മാതാപിതാക്കളെ സംരക്ഷിക്കാൻ ഇത്തരം കേന്ദ്രങ്ങളെ ആശ്രയിക്കാവുന്നതാണ്.

നമ്മുടെ നാട്ടിലും അത്തരം അപരമാർഗങ്ങൾ സമൂഹം അംഗീകരിച്ചു കഴിഞ്ഞു. എന്നാൽ ഇതിനൊക്കെ വിരുദ്ധമായി,​ മക്കൾ നാട്ടിൽത്തന്നെ ഉണ്ടായിട്ടും സാമ്പത്തികമായി നല്ല നിലയിൽ കഴിയുന്നവരായിട്ടും വൃദ്ധരായ മാതാപിതാക്കളെ നോക്കാതെ ഒഴിഞ്ഞുമാറുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് കഴിഞ്ഞദിവസം ഒരുകേസിൽ ഹൈക്കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഒഴിവുകഴിവും ന്യായങ്ങളും പറഞ്ഞ് മാതൃസംരക്ഷണത്തിൽ നിന്ന് മക്കൾക്ക് ഒളിച്ചോടാനാകില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഗൾഫിൽ ജോലിക്കാരനായ മകനിൽ നിന്ന് ജീവനാംശം തേടി മാതാവ് നൽകിയ കേസിലാണ് പ്രതിമാസം മാതാവിന് 5000 രൂപ വീതം നൽകാൻ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടത്.

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും പ്രായമേറിയ സ്‌ത്രീകൾക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ് ആവശ്യപ്പെടാൻ അർഹതയുണ്ട്. വരുമാനമില്ലാത്ത അമ്മയ്ക്ക് ജീവിതച്ചെലവ് നൽകേണ്ടത് മക്കളുടെ നിയമപരവും ധാർമ്മികവുമായ കടമയാണെന്നും കോടതി എടുത്തുപറഞ്ഞു. മാതാവിന് പ്രതിമാസം ജീവിതച്ചെലവ് നൽകാൻ ഉത്തരവിട്ട തിരൂർ കുടുംബ കോടതി ഉത്തരവിനെതിരെ മലപ്പുറം വെളിയംകോട് സ്വദേശിയായ യുവാവ് നൽകിയ റിവിഷൻ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അമ്മ പശുവിനെ വളർത്തുന്നുണ്ടെന്നും അതുവഴി നല്ല ആദായം ലഭിക്കുന്നുണ്ടെന്നുമാണ് മകൻ വാദിച്ചത്. എന്നാൽ ഈ വാദങ്ങൾ തള്ളി ബി.എൻ.എസ്.എസ് സെക്ഷൻ 144 അനുസരിച്ച് മക്കളിൽ നിന്ന് ജീവനാംശം ലഭിക്കാൻ അമ്മയ്ക്ക് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭർത്താവ് സംരക്ഷിക്കുന്നുണ്ടോ എന്നത് മക്കൾ നോക്കേണ്ട കാര്യമില്ല. മാത്രമല്ല അറുപതു കഴിഞ്ഞ അമ്മ കാലി വളർത്തി ജീവിക്കട്ടെയെന്ന മകന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും ഭാര്യയും മക്കളുമുണ്ടെന്ന പേരിൽ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും അകന്നുനിൽക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഗൾഫിൽ രണ്ടുലക്ഷത്തോളം രൂപ ശമ്പളമുള്ള മകനിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതുകൊണ്ടാണ് ആ മാതാവിന് നീതി ലഭിച്ചത്. എല്ലാവർക്കും ഇങ്ങനെ കഴിഞ്ഞെന്നു വരില്ല. മക്കൾ നോക്കാത്തത് നിശബ്ദം സഹിക്കുന്ന മാതാപിതാക്കളുടെ എണ്ണവും നമ്മുടെ സമൂഹത്തിൽ കുറവല്ല. മാതാപിതാക്കളെ നോക്കാത്ത അച്ഛനെയും അമ്മയെയും കണ്ടു വളരുന്ന മക്കൾ ഭാവിയിൽ അവർക്ക് തിരിച്ചു നൽകുന്നതും അതു തന്നെയായിരിക്കുമെന്ന് തിരിച്ചറിയണം. മക്കളെ വളർത്തി വലുതാക്കുന്നതിന് മാതാപിതാക്കൾ സഹിച്ച കഷ്ടപ്പാടും ത്യാഗവും വളർന്നു വലുതാവുന്ന മക്കൾ,​ പുതിയ ബന്ധങ്ങളുണ്ടാകുമ്പോൾ ഒരുനിമിഷംകൊണ്ട് വിസ്‌മരിക്കുന്നത് ഏറ്റവും വലിയ ധാർമ്മികച്യുതിയാണ്. ജന്മം നൽകിയവരോടുള്ള കടം വീട്ടാനാകില്ലെങ്കിലും അവരെ തിരിഞ്ഞുനോക്കാതെ വയസുകാലത്ത് വഴിയിൽ തള്ളുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ല.