ഹെക്കി ബണക്ക്, കിളിൾ ചിലച്ചു തുടങ്ങുന്നിടം...

Thursday 13 November 2025 3:52 AM IST

വിഖ്യാത പക്ഷി ശാസ്ത്രജ്ഞൻ ഡോ. സലിം അലിയുടെ 129-ാം ജന്മദിനമായിരുന്നു,​ ഇന്നലെ. അദ്ദേഹത്തെ ഓർമ്മിച്ചുകൊണ്ട് വയനാട്ടിലെ കൽപ്പറ്റയിൽ നാളെ മുതൽ മൂന്നു ദിവസം 'ഹെക്കി ബണക്ക്" എന്ന പേരിൽ ദേശീയ പക്ഷിമേള നടക്കുകയാണ്. വയനാട്ടിൽ മാത്രം കണ്ടുവരുന്നതും വയനാടിന്റെ ജില്ലാ പക്ഷി ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടതുമായ 'ബാണാസുര ചിലപ്പൻ" ആണ് മേളയുടെ മുദ്ര. കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകൾ നൽകുന്ന, താനുൾപ്പെടുന്ന പ്രകൃതിയെ സംരക്ഷിക്കുന്നതിൽ സുപ്രധാന ധർമ്മം നിർവഹിക്കുന്ന കിളികൾക്കും മനുഷ്യർക്കുമിടയിലെ സഹവർത്തിത്വത്ത്വത്തിന്റെ പ്രചാരണമാണ് മേള.

കാട്ടിലെ ജീവികളുമായി ഏറെ സഹവർത്തിത്വം പുലർത്തുന്ന കാട്ടുനായ്ക്ക വിഭാഗത്തിന്റെ ഭാഷയിൽ നിന്നാണ് മേളയുടെ പേര് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.ഹെക്കി എന്നാൽ പക്ഷി എന്നും, ബണക്ക് എന്നാൽ ഉത്സവം എന്നുമാണ് അർത്ഥം. വനത്തിനുള്ളിൽ ജീവിക്കുന്ന കാട്ടുനായ്ക്ക വിഭാഗത്തിന് മാർഗനിർദേശിയായും കൂട്ടായും പറക്കുന്ന പക്ഷികളെ അടയാളപ്പെടുത്തുന്നതാണ് ഈ പേര്. മേളയുടെ ലോഗോയുടെ പിറവിക്കു പിന്നിലും ഒരു കഥയുണ്ട്. ചുരുളികൾ കൊണ്ട് വരച്ചെടുത്തിരിക്കുന്ന മൂങ്ങ,​ പക്ഷികളുടെ പ്രതിനിധിയാണ്. ചുരുളി വയനാട്ടിലെ തനതായ ഭക്ഷ്യയോഗ്യമായ ഒരു ചെടിയാണ്. ഈ ചുരുളികളാണത്രേ പക്ഷികളെ ഭൂമിയിലേക്ക് വരവേറ്റത്!

പക്ഷിമേളയിലെ വിവിധ സെഷനുകൾക്ക് പേരുകൾ നൽകിയിരിക്കുന്നതും പക്ഷിലോകത്തു നിന്നാണ് എന്നതാണ് കൗതുകം. മൂട്ട് അഥവാ കൂട് എന്ന് പേരിട്ടിരിക്കുന്ന ഇടങ്ങളിൽ സംവാദങ്ങളും അവതരണങ്ങളും നടക്കും. 'കൂടുകളി"ൽ പക്ഷിക്കൂടുകളുടെ പ്രദർശനം. കിളികളുടെ ശബ്ദങ്ങളും,​ ഭക്ഷ്യശൃംഖലയിലെ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങളുമാണ് കിളിപ്പാട്ട്. പുളിയാർ മല ക്യാമ്പിൽ നടക്കുന്ന പക്ഷിമേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുക.