കല്ലാർ കാട്ടിനുള്ളിലേക്ക് വനപാലകർ തുരത്തിയ ഒറ്റയാൻ തിരിച്ചെത്തി

Thursday 13 November 2025 1:52 AM IST

വിതുര: കാട്ടിനുള്ളിലേക്ക് വനപാലകർ തുരത്തിവിട്ട ഒറ്റയാൻ കഴിഞ്ഞദിവസം തിരിച്ചെത്തി. പഞ്ചായത്തിലെ മണലി മേഖലയിൽ ഭീതിയും നാശവും പരത്തി വിഹരിച്ച ഒറ്റയാനെ വനപാലകർ രണ്ടാഴ്ചമുൻപാണ് കല്ലാർ വനമേഖലയിലേക്ക് തുരത്തിയത്. രണ്ട് ദിവസത്തെ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഒറ്റയാനെ മണലിയിൽ നിന്നും പതിനാറ് കിലോമീറ്റർ ദൂരെ കല്ലാർ സെക്ഷന്റെ പരിധിയിലുള്ള പട്ടാണിത്തിരു വനമേഖലയിലേക്ക് തുരത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമംഗങ്ങളും ചേർന്നാണ് ആനയെ വനത്തിനുള്ളിലേക്ക് ഓടിച്ചുവിട്ടത്. എന്നാൽ കഴിഞ്ഞദിവസം രാത്രിയിൽ ആന വീണ്ടും കല്ലാർ നദി കടന്ന് കല്ലൻകുടി മേഖലയിലെത്തിയതായി ആദിവാസികൾ അറിയിച്ചു. ആനയെ തുരത്തിവിട്ടെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ മേഖലയിൽ നിരീക്ഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് ആന വീണ്ടുമെത്തിയത്. പ്രദേശവാസികൾ ഭീതിയിലാണ്.

പ്രദേശത്തെ കൃഷി നശിപ്പിച്ചു

ഒറ്റയാന് പുറമെ കാട്ടാനക്കൂട്ടവും മണലി മേഖലയിലുണ്ട്. പ്രദേശത്തെ കൃഷി മുഴുവൻ കാട്ടാനകൾ നശിപ്പിച്ചു. പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. തലത്തൂതക്കാവ് ഗവ.ട്രൈബൽ സ്കൂൾ പരിസരത്തും ആനശല്യം രൂക്ഷമാണ്. മണലി മേഖലയിൽ അഞ്ച് മാസം മുൻപാണ് ഒറ്റയാനെത്തിയത്. ദേഹത്ത് മുറിവേറ്റ നിലയിലായിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും മടങ്ങാത്തതിനെ തുടർന്ന് മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകി. തിരികെ കാട്ടിൽ വിട്ടെങ്കിലും ആന തിരിച്ചെത്തുകയായിരുന്നു. നാട്ടുകാർ ആദ്യം കല്ലാർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിൽ കഞ്ഞിവച്ചും വനപാലകരെ തടഞ്ഞും പ്രതിഷേധിച്ചിരുന്നു. ആന വീണ്ടും തിരിച്ചെത്തിയത് മുൻനിറുത്തി വനപാലകർ അടുത്ത നടപടിയിലേക്ക് കടക്കും.