ആഭിചാരത്തിന്റെ പേരിൽ പീഡനം: പ്രതികളെ എത്തിച്ച് തെളിവെടുത്തു
Wednesday 12 November 2025 8:00 PM IST
കോട്ടയം: തിരുവഞ്ചൂരിൽ ആഭിചാരത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പത്തനംതിട്ട സ്വദേശിയായ മന്ത്രവാദി ശിവദാസ് (54), യുവതിയുടെ ഭർത്താവ് അഖിൽ ദാസ് (26), ഭർതൃപിതാവ് ദാസ് (55) എന്നിവരാണ് റിമാൻഡിലുള്ളത്. ഇവരെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കോടതി മണർകാട് പൊലീസിന് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു. യുവതിയെ ബലമായി മദ്യം നൽകി ബീഡി വലിപ്പിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചത് കേസിൽ നിർണായകമാകും. മന്ത്രവാദി ശിവദാസ് പൂജയ്ക്കായി കൊണ്ടുവന്ന വസ്തുക്കളും കണ്ടെത്തി. സംഭവത്തിൽ ഭർതൃമാതാവ്, സഹോദരി എന്നിവർ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.