തെരുവുനായപ്പേടിയിൽ തീരദേശം

Thursday 13 November 2025 1:32 AM IST

പൂവാർ: കുളത്തൂർ, പൂവാർ, കരുംകുളം കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിലെ തീരദേശവാസികൾക്ക് തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ,പരുത്തിയൂർ,കൊല്ലംകോട്,പൊഴിക്കര ബീച്ച് തുടങ്ങിയ തീരപ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പൊഴിയൂർവഴി പൊഴിക്കരയിലെത്തുന്ന ടൂറിസ്റ്റുകളും മറ്റുള്ളവരുമാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്.

പൂവാർ പഞ്ചായത്ത് പ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. കൂട്ടത്തിൽ അക്രമകാരികളായ നായ്ക്കളുമുണ്ട്. പൂവാർ പൊഴിക്കര, ഗോൾഡൻ ബീച്ച്, ഇ.എം.എസ് കോളനി,വരവിളതോപ്പ്,എരിക്കലുവിള തുടങ്ങിയ തീരപ്രദേശങ്ങളിൽ അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളുടെ എണ്ണം അടുത്ത കാലത്തായി വർദ്ധിച്ചിട്ടുണ്ട്.

പൊഴിക്കരയിലും ഗോൾഡൻ ബീച്ചിലുമെത്തുന്ന ടൂറിസ്റ്റുകൾ തെരുവുനായ്ക്കളെ ഭയന്നാണ് വന്നുപോകുന്നത്. പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാണ്. പൂവാർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പരിസരങ്ങളിലായി ധാരാളം തെരുവുനായ്ക്കൾ അലഞ്ഞു നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇവയുടെ ഉപദ്രവം കാരണം രാത്രികാലങ്ങളിൽ ജനങ്ങൾക്ക് സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്.

ആക്രമണം പതിവ്

കരുംകുളം ഗ്രാമപഞ്ചയത്തിലെ പുല്ലുവിള,ഇരയിമ്മൻതുറ,ചെമ്പകരാമൻതുറ,പള്ളം,പുതിയതുറ, കൊച്ചുതുറ,കരുംകുളം,കല്ലുമുക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളുടെ താവളങ്ങൾ. തീരത്തെ മീൻപിടിത്തക്കാർ ഇവയുടെ ഉപദ്രവത്താൽ ബുദ്ധിമുട്ടിലാണ്. തീരത്ത് ഒറ്റക്ക് ഇറങ്ങുന്നവരെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്. കരുംകുളം പുതിയതുറ പ്രദേശത്ത് ദിവസം ഒരാൾക്കെങ്കിലും തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുണ്ട്. മുൻപ് ഇവിടെ നായ്ക്കളുടെ കടിയേറ്റ് രണ്ടുപേർ മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.

കോട്ടുകാൽ പഞ്ചായത്തിലെ അമ്പലത്തുമൂല,അടിമലത്തുറ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.വൃദ്ധജനങ്ങൾക്കും കുട്ടികൾക്കുമാണ് കൂടുതലായും ആക്രമണത്തിൽ പരിക്കേൽക്കുന്നത്.

ചികിത്സാ പ്രതിസന്ധി

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവരെ പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കും. എന്നാൽ അത്യാവശ്യം ചികിത്സയോ പേവിഷ ബാധക്കെതിരെയുള്ള വാക്സിനോ ലഭിക്കാതെവരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ് പതിവ്. ചികിത്സയോ മരുന്നോ അത്യാവശ്യത്തിന് ലഭിക്കാത്തതാണ് പ്രദേശവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

എ.ബി.സി പദ്ധതി നിശ്ചലം

തീരപ്രദേശത്ത് വലിച്ചെറിയുന്ന മാലിന്യമാണ് തെരുവുനായ്ക്കൾ പെരുകാൻ കാരണം. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതി നിന്നുപോയത് പ്രതിസന്ധി രൂക്ഷമാക്കി.