പപ്പടം പോലെ പൊടിയും, കൈതൊട്ടാൽ ചളുങ്ങുമെന്നൊക്കെയുള്ള പരിഹാസം തള്ളി, ഒക്ടോബറിലും വിൽപനയിൽ മുമ്പിൽ ഈ കമ്പനി തന്നെ
പൊതുഗതാഗതം വേണ്ടത്ര ശക്തമല്ലാത്ത നമ്മുടെ നാട്ടിൽ മിക്കവർക്കും സ്വന്തമായി വാഹനമുണ്ട്. ഇത്തരത്തിൽ മിക്ക വീടുകളിലും കാണുന്ന വാഹനം ഏത് കമ്പനിയുടേതാകും? സാധാരണക്കാർക്ക് ഉത്തരം വളരെ ലളിതമാണ്. മാരുതി. രാജ്യത്ത് ടാക്‌സിയടക്കം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മൾട്ടി പർപ്പസ് വെഹിക്കിൾ സെഗ്‌മെന്റിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വാഹനങ്ങൾ മാരുതിയുടേതാണ്. ഒക്‌ടോബർ മാസത്തിലെ കാർ വിൽപനയിലും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.
ഇടയ്ക്ക് രണ്ട് മാസം ടാറ്റയായിരുന്നു എംപിവി സെഗ്‌മെന്റിൽ മുന്നിൽ എന്നാൽ മാരുതി ശക്തമായി തിരികെ വന്നു. ഒക്‌ടോബറിൽ 20087 യൂണിറ്റ് വിറ്റഴിച്ച മാരുതി എർട്ടിഗ ആണ് വിൽപനയിൽ ആദ്യം. രണ്ടാമതുള്ളത് മഹീന്ദ്രയുടെ ബൊലേറോ ആണ്. 14,343 യൂണിറ്റാണ് വിറ്റത്. മൂന്നാമത് മാരുതിയുടെ തന്നെ ഈക്കോയാണ്. 13,537 യൂണിറ്റാണ് വിൽപന നടന്നത്. 9932 യൂണിറ്റ് വിറ്റ മാരുതി എക്‌സ്എൽ 6 ആണ് നാലാമത്.
ഇതിൽ മൂന്ന് വകഭേദങ്ങളിലാണ് എർട്ടിഗ ലഭിക്കുക. പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക്ക്, സിഎൻജി എന്നിവയാണവ. 1.5ലീറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണ് എർട്ടിഗയിലുള്ളത്. സ്റ്റാർട്ട്-സ്റ്റോപ്പ് ടെക്‌നോളജിയിലുള്ള എഞ്ചിൻ 1462സിസിയാണ്.102 ബിഎച്ച്പിയിൽ 136.8എൻഎം ടോർക്കുള്ളതാണ് പുതിയ എർട്ടിഗ. 5സ്‌പീഡ് മാനുവൽ അല്ലെങ്കിൽ 6സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലാണ് എർട്ടിഗ ലഭിക്കുക. 20.51 ആണ് മാനുവലിന് മൈലേജ്. അതേസമയം ഓട്ടോമാറ്റിക്കിന് 20.30 ആണ് കമ്പനി അവകാശപ്പെടുന്നത്. സിഎൻജിയ്‌ക്ക് 26.11 ആണ് ഇന്ധനക്ഷമത.
4395 എംഎം നീളവും 1735 എംഎം വീതിയും 1690 എംഎം ഉയരവും എർട്ടിഗയ്‌ക്കുണ്ട്. 2740എംഎം ആണ് വീൽബേസ്. ഏഴ് പേർക്ക് സുഖമായി യാത്രചെയ്യാവുന്ന എർട്ടിഗയുടെ ഇന്ധനടാങ്ക് പരമാവധി 45 ലിറ്ററാണ്. പുതിയ ജിഎസ്‌ടി പരിഷ്കാരത്തിന് പിന്നാലെ 46,400 രൂപയോളം എർട്ടിഗയ്‌ക്ക് വിലക്കുറവ് വരുന്നുണ്ട്. ഷോറൂം വില 8,80,000 രൂപയോളമാണ്.