ശിവനും ഗണപതിയും സുബ്രഹ്മണ്യനും മൂന്ന് തേരിൽ എഴുന്നള്ളും, അസുലഭമായ കൽപ്പാത്തി രഥോത്സവത്തിന്റെ ഒന്നാം തേര് വെള്ളിയാഴ്‌ച

Wednesday 12 November 2025 8:53 PM IST

പാലക്കാട്: കാശിയിൽ പാതി കൽപ്പാത്തിയിൽ. വെള്ളിയാഴ്ച മുതൽ രഥോത്സവത്തിന് തുടക്കമാകും. രഥോത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കഴിഞ്ഞതോടെ കൽപ്പാത്തി ഗ്രാമവീഥികളും പാലക്കാട് നഗരവും അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലാണ്. ഞായറാഴ്ച തുടങ്ങിയ രഥോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സംഗീതോത്സവം ഇന്ന് സമാപിക്കും. വെള്ളിയാഴ്ചയാണ് കൽപ്പാത്തി രഥോത്സവത്തിന്റെ ഭാഗമായുള്ള ഒന്നാം തേര്. ശനിയാഴ്ച രണ്ടാം തേരും. ഞായറാഴ്ച മൂന്നാം തേര് ദിനത്തിലാണ് ചരിത്ര പ്രസിദ്ധമായ ദേവരഥസംഗമം നടക്കുക.

രഥോത്സവത്തിന്റെ സജ്ജീകരണങ്ങൾ എല്ലാം കൽപ്പാത്തിയിൽ ഒരുങ്ങി കഴിഞ്ഞു. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവൻ, ഗണപതി, സുബ്രമണ്യൻ എന്നിവരുടെ മൂന്ന് രഥങ്ങളാണ് വെള്ളിയാഴ്‌ച അഗ്രഹാര വീഥിയിലൂടെ പ്രയാണം നടത്തുക. വ്യാഴാഴ്‌‌ച വൈകിട്ടോടെ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ തേരുകൾ രഥപ്രയാണത്തിന് തയ്യാറാക്കും.വെള്ളിയാഴ്‌ച രാവിലെ 10നാണ് രഥപ്രയാണത്തിന് തുടക്കമാവുക. ആദ്യം വിശ്വനാഥ സ്വാമി, ഗണപതി, സുബ്രമണ്യൻ എന്നിവരുടെ രഥങ്ങളാണ് അഗ്രഹാര വീഥികളിൽ പ്രയാണം നടത്തുക. 15നാണ് പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം നടക്കുക.

രഥോത്സവത്തിരക്ക് ഇതിനോടകം തന്നെ കൽപ്പാത്തിയിൽ ആരംഭിച്ചു കഴിഞ്ഞു. കാഴ്ചക്കാരും കച്ചവടക്കാരും തുടങ്ങി ആയിരങ്ങളാണ് നിലവിൽ കൽപ്പാത്തിയിൽ തമ്പടിച്ചിരിക്കുന്നത്. പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ സംവിധാനവും കൽപ്പാത്തിയിൽ സജ്ജമാണ്. രഥോത്സവ നാളുകളിൽ ഗ്രാമവീഥികളിലൂടെയുള്ള രഥപ്രയാണം സുഗമമാക്കുന്നതിനായി റോഡിന്റെ നിരപ്പു വ്യത്യാസവും പരിഹരിച്ചിട്ടുണ്ട്.