കോർപറേഷനിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പട്ടിക വൈകും; ഇരുമുന്നണികളിലും ചർച്ച തുടരുന്നു

Wednesday 12 November 2025 9:26 PM IST

കണ്ണൂർ: കോർപറേഷനിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം വൈകും. എൽ.ഡി.എഫിലും യു.ഡി.എഫിലും ഭൂരിഭാഗം സീറ്റുകളിലും ഏകദേശ ധാരണയിലെത്തിയെങ്കിലും പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട പി.കെ. രാഗേഷ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ സംരക്ഷണസമിതിയുമായി ചർച്ച നടക്കുന്നതിനാലാണ് എൽ.ഡി.എഫ് തീരുമാനം വൈകുന്നതെന്നാണ് സൂചന.

എൽ.ഡി.എഫിൽ ഘടക കക്ഷികൾ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ തന്നെ തുടരാനാണ് സാദ്ധ്യത. പുതുതായി രൂപീകരിച്ച കാഞ്ഞിര ഡിവിഷൻ സി.പി.എമ്മിനാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ.ചന്ദ്രൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു. എൽ.ഡി.എഫ് അന്തിമപട്ടിക 15ന്പുറത്തുവിടുമെന്നാണ് സൂചന. സി.പി.എമ്മിൽ നിന്ന് ഒ.കെ. വിനീഷ്, ഇ. ബീന, വി.കെ. പ്രകാശിനി എന്നിവർ മത്സരരംഗത്തുണ്ടാകുമെന്ന് അറിയുന്നു.കോർപറേഷൻ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകുന്നേരം 4.30ന് ടൗൺ സ്‌ക്വയറിൽ സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.

യു.ഡി.എഫിൽ അയയാതെ കോൺഗ്രസും ലീഗും കോർപറേഷൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള കെ.സുധാകരൻ എം.പിയുടെ വീട്ടിലെത്തി ലീഗ് സംസ്ഥാന ജില്ലാനേതാക്കൾ ഇന്ന് ചർച്ച നടത്തും. മൂന്ന് സീറ്റുകൾ അധികം വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തോട് യാതൊരു വീട്ടുവീഴ്ചയും വേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. വാരം സീറ്റിൽ ഇരു പാർട്ടികളും സ്ഥാനാർത്ഥികളെ ഉൾപ്പെടെ കണ്ടെത്തി തീരുമാനം കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മുസ്ലിം ലീഗ് വാരം ഡിവിഷൻ കമ്മിറ്റി യോഗത്തിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ പ്രവർത്തകർ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു.ഇന്നലെ ലീഗ് ഓഫിസിൽ നടന്ന പാർലിമെന്ററി ബോർഡ് യോഗത്തിലും കോർപറേഷനിലെ സീറ്റ് തർക്കം ചർച്ചയായി. സംസ്ഥാന നേതാക്കളായ എൻ. ഷംസുദ്ദീൻ എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ഉമ്മർ പാണ്ടിക്കശാല, വനിത ലീഗ് സംസ്ഥാന സെക്രട്ടറി പി. സാജിത ടീച്ചർ എന്നിവർ പങ്കെടുത്തു. കോൺഗ്രസിലാകട്ടെ മേയർ സ്ഥാനത്തെച്ചൊല്ലിയാണ് തർക്കം. നിലവിലെ ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര, കെ.പി.സി.സി അംഗം അമൃത രാമകൃഷ്ണൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ എന്നിവർ ജയസാദ്ധ്യതയുള്ള ഡിവിഷനുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.