ഗഗൻയാൻ: പാരച്യൂട്ട് രണ്ടാം പരീക്ഷണവും വിജയം
തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ
ഗഗൻയാന്റെ ക്രൂ മൊഡ്യൂളിനെ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കുന്നതിനുള്ള പാരച്യൂട്ടുകളുടെ രണ്ടാമത്തെ പരീക്ഷണവും പൂർണ വിജയം. ക്രൂ മൊഡ്യൂളിനെ ബഹിരാകാശത്തു നിന്ന് തിരിച്ചിറക്കുമ്പോൾ വേഗത കുറയ്ക്കാൻ ഉപയോഗിക്കുന്ന രണ്ട് പ്രധാന പാരച്യൂട്ടുകൾ പൂർണമായി തുറക്കുന്നതിന് കാലതാമസമുണ്ടായാൽ മൊഡ്യൂൾ സുരക്ഷിതമായി ലാൻഡ് ചെയ്യുന്ന പരീക്ഷണമാണ് നടത്തിയത്.
ക്രൂ മൊഡ്യൂളിന്റെ ഭാരത്തിന് തുല്യമായ വസ്തു (ആറ് ടൺ) വ്യോമസേനയുടെ ഐ.എൽ 76 വിമാനം ഉപയോഗിച്ച് 2.5 കിലോമീറ്റർ ഉയരത്തിലെത്തിച്ച് താഴേക്കിട്ടു. തുടർന്ന് പാരച്യൂട്ടുകൾ ഉപയോഗിച്ച് വേഗതകുറച്ച് ഭൂമിയിൽ സാവധാനം ലാൻഡ് ചെയ്യിക്കുന്നതായിരുന്നു പരീക്ഷണം.
നവംബർ മൂന്നിന് ഉത്തർപ്രദേശ് ഝാൻസിയിലെ ബാബിന ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടത്തിയ പരീക്ഷണം വിലയിരുത്തി വിജയമെന്ന് കണ്ടെത്തിയശേഷം ഇന്നലെയാണ് ഐ.എസ്.ആർ.ഒ ഇക്കാര്യം പുറത്തറിയിച്ചത്. ഓഗസ്റ്റിൽ നടത്തിയ ആദ്യ പരീക്ഷണവും വിജയമായിരുന്നു.
ഗഗൻയാന്റെ ആദ്യ ആളില്ലാ പരീക്ഷണ വിക്ഷേപണം അടുത്ത ജനുവരിയിൽ നടക്കാനിരിക്കെ ഐ.എസ്.ആർ.ഒയ്ക്ക് ഇത് ആത്മവിശ്വാസം പകരും. തിരുവനന്തപുരത്തെ വിക്രംസാരാഭായ് സ്പെയ്സ് സെന്റർ, ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്, ഡി.ആർ.ഡി.ഒ, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ ആർമി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പാരച്യൂട്ട് സിസ്റ്റം നിർമ്മിച്ചത്.
തിരിച്ചിറക്കാൻ 10
പാരച്യൂട്ടുകൾ
ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ ഭൂമിയിലേക്ക് തിരിച്ചിറക്കാൻ ഉപയോഗിക്കുന്നത് നാല് തരത്തിലുള്ള പത്ത് പാരച്യൂട്ടുകൾ. ഇവ ഒന്നിനു പിറകെ മറ്റൊന്നായി തുടർച്ചയായി തുറക്കുന്ന രീതിയിലാകും വിന്യസിക്കുക. പാരച്യൂട്ട് കമ്പാർട്ട്‌മെന്റിന്റെ സംരക്ഷണകവർ നീക്കം ചെയ്യുന്ന രണ്ട് കവർ സെപ്പറേഷൻ പാരച്യൂട്ടുകൾ തുറക്കുന്നതോടെയാണ് ഇവയുടെ പ്രവർത്തനം തുടങ്ങുക. രണ്ട് ഡ്രോഗ് പാരച്യൂട്ടുകൾ മൊഡ്യൂളിന്റെ വേഗം കുറയ്ക്കാനായി വിന്യസിക്കും. പിന്നാലെ മൂന്ന് പൈലറ്റ് പാരച്യൂട്ടുകൾ വിടർന്ന് മൂന്ന് പ്രധാന പാരച്യൂട്ടുകളെ വേർതിരിക്കും. ഇത് വേഗം കുറച്ച് സുരക്ഷിതമായ ലാൻഡിംഗിന് വഴിയൊരുക്കും. മൂന്ന് പ്രധാന പാരച്യൂട്ടുകളിൽ രണ്ടെണ്ണം മാത്രം പൂർണമായും വിന്യസിച്ചിരിക്കുമ്പോഴും മൊഡ്യൂളിന് ലാൻഡ് ചെയ്യാൻ കഴിയുന്ന വിധമാണ് നിർമ്മാണം. അതാണ് ഇത്തവണ പരീക്ഷിച്ചത്.