എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കിയില്ല, സീറ്റ് നൽകാത്തതിന്റെ കാരണം വിശദീകരിച്ച് പി പി ദിവ്യ
തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.എം സ്ഥാനാർത്ഥികളെ ഇന്ന് പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രഖ്യാപിച്ചിരുന്നു. 16 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതിൽ 15 പേരും പുതുമുഖങ്ങളാണ് എന്നതാണ് ശ്രദ്ധേയം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒഴിവാക്കിയായിരുന്നു സഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശേരി ഡിവിഷനിൽ വി.വി. പവിത്രനാണ് സ്ഥാനാർത്ഥിയാകുന്നത്. എന്നാൽ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കുകയാണ് പി.പി. ദിവ്യ. ഫേസ്ബു്ക്കിലാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.
സി.പി.എം തനിക്ക് വലിയ പരിഗണന നൽകിയെന്നും അത്രത്തോളം പരിഗണന ജില്ലാ പഞ്ചായത്തിൽ ആർക്കും ലഭിച്ചിട്ടില്ലെന്നും പി.പി. ദിവ്യ കുറിച്ചു. "സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു വ്യക്തി 3 തവണ മത്സരിക്കുന്നത് തന്നെ അപൂർവമാണെന്ന്. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ചുമതല വഹിച്ചു 15 വർഷം പൂർത്തിയാക്കി. സിപിഐഎം എനിക്ക് നൽകിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തിൽ മറ്റാർക്കും ലഭിച്ചിട്ടില്ല...ഇതൊക്കെ മറച്ചു വെച്ച് വാർത്ത ദാരിദ്ര്യം കാണിക്കാൻ ഓരോ വാർത്തയുമായി വന്നു കൊള്ളും..." - എന്നാണ് ദിവ്യയുടെ വിമർശനം.
എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ ആരോപണ വിധേയയാണ് പി.പി. ദിവ്യ. കേസിന് പിന്നാലെ ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.എം മാറ്റിയിരുന്നു.