തീരത്ത് അന്യമാകുന്ന കേരകൃഷി
കടയ്ക്കാവൂർ: കേരകൃഷിയുടെ വിളനിലമായിരുന്ന തീരദേശത്ത് ഒരു തേങ്ങയോ കരിക്കോ വേണമെങ്കിൽ അന്യനാട്ടിൽ നിന്നുള്ളവ വിലകൊടുത്ത് വാങ്ങണം. തേങ്ങ,കരിക്ക്,കള്ള് എന്നിവകൊണ്ട് ഉപജീവനം നടത്തിയവർ ഏറെയായിരുന്നു. ഏകദേശം 150 ഹെക്ടറോളം തെങ്ങിൻ കൃഷിയുണ്ടായിരുന്ന തീരത്ത് ഇന്ന് അതിന്റെ പകുതിപോലുമില്ലാത്ത അവസ്ഥ. തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളാണ് പ്രധാനമായും കേരകൃഷിയെ ബാധിച്ചത്. പോഷകമൂലകങ്ങളുടെ അഭാവംകൊണ്ടുണ്ടാകുന്ന മഞ്ഞളിപ്പ്, മച്ചിങ്ങ പൊഴിച്ചിൽ തുടങ്ങി രോഗങ്ങളുമാണ് കേരകൃഷിയെ ഏറെയും ബാധിക്കുന്നത്. ഇതിന് ഫലപ്രദമായ പ്രതിരോധപ്രവർത്തനങ്ങൾ ചെയ്യാത്തതാണ് തെങ്ങുകൾ നശിക്കാനുള്ള പ്രധാന കാരണം.
വെല്ലുവിളികൾ
കാറ്റുവീഴ്ച,കൂമ്പുചീയൽ,ഇലകരിച്ചിൽ തുടങ്ങിയ രോഗങ്ങളും കൊമ്പൻചെല്ലി,ചെമ്പൻചെല്ലി,മണ്ഡരി,വെള്ളീച്ച പോലുള്ള കീടങ്ങളുടെ ആക്രമണം
പ്രതിരോധിക്കേണ്ട വിധം
1.തെങ്ങ് ഒന്നിന് 25കിലോ ജെെവവളം ഓരോവർഷവും ചേർത്തുകൊടുക്കണം. അമ്ളാംശം കൂടുതലുള്ള മണ്ണിൽ വളപ്രയോഗത്തിന് രണ്ടാഴ്ച മുമ്പ് കുമ്മായം അല്ലെങ്കിൽ ഡോളമെെറ്റ് ചേർത്ത് കൊടുക്കണം.
2.നിശ്ചിത ഇടവേളകളിൽ മണ്ട വൃത്തിയാക്കൽ
3. 250ഗ്രാം തരിമണലും വേപ്പിൻ പിണ്ണാക്കും പാറ്റാഗുളിക എന്നിവ സംയോജിപ്പിച്ച് ഓലയിടുക്കുകളിൽ വെയ്ക്കുന്നതും വലകൾ ഓലയിടുക്കുകളിൽ വെയ്ക്കുന്നതും ചെല്ലികളുടെ ആക്രമണം ഒരു പരിധിവരെ കുറയ്ക്കാം.
4.പോഷകമൂലകങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ബോറാക്സ് 75 ഗ്രാം 3മാസം ഇടവേളകളിൽ രണ്ട് തവണയായി പ്രയോഗിക്കുന്നത് നന്നായിരിക്കും.
5.ഏത് വളം ചെയ്യുന്നതിനുമുമ്പും കുമ്മായം ഇടുന്നത് അഭികാമ്യം.
പ്രതികരണം
കേരകൃഷിയിൽ കൂടുതൽ ശ്രദ്ധിച്ചാൽ മികച്ച രീതിയിൽ കായ്ഫലം ഉണ്ടാക്കാൻ കഴിയും.
രത്നമ്മ നെടുങ്ങണ്ട
കേരകർഷക