ഭീകരാക്രമണം തന്നെ; സ്പോൺസർ പാകിസ്ഥാൻ?​ ആരായാലും വെറുതേ വിടില്ല,​ അപലപിച്ച് കേന്ദ്രപ്രമേയം

Thursday 13 November 2025 12:02 AM IST

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്കു സമീപമുണ്ടായ കാർസ്ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. അതിനു പിന്നിലെ കുറ്റവാളികളെയെല്ലാം ഉടൻ കണ്ടെത്തും. സ്‌പോൺസർമാർ ആരായാലും അവരെയടക്കം വെറുതെവിടില്ലെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ സുരക്ഷാകാര്യങ്ങൾക്കായുള്ള കാബിനറ്റ് സമിതിയും കേന്ദ്ര കാബിനറ്റും യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7- ലോക് കല്യാൺ മാർഗിലായിരുന്നു ഉന്നതതല യോഗം. ഇതിനുശേഷമാണ് അശ്വിനി വൈഷ്‌ണവ് മാദ്ധ്യമങ്ങളെ കണ്ട് ഭീകരാക്രമണമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജെയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാനെ ഉന്നമിട്ടാണ് കേന്ദ്രത്തിന്റെ 'സ്‌പോൺസർ' പരാമർശം. ആക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രിസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. ദേശവിരുദ്ധ ശക്തികൾ നടത്തിയത് ഹീനവും ഭീരുത്വവും നിറഞ്ഞ പ്രവൃത്തിയാണ്. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ അതിവേഗം കൊണ്ടുവരും. ആഴത്തിലുള്ള അന്വേഷണം നടത്തും. ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാത്ത നിലപാടാണ് രാജ്യത്തിനെന്നും കേന്ദ്രം വ്യക്തമാക്കി.

പൊളിഞ്ഞത് വൻപദ്ധതി

2006ലെ മുംബയ് ട്രെയിൻ സ്‌ഫോടന പരമ്പര മാതൃകയിൽ, ഡിസംബർ 6ന് ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിൽ ഡൽഹിയിലും സമീപനഗരങ്ങളിലും സ്‌ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച സൂചന. ചെങ്കോട്ട,ഇന്ത്യാ ഗേറ്റ്,കോൺസ്റ്റിറ്ര്യൂഷൻ ക്ലബ്,ചാന്ദ്നി ചൗക്കിലെ ഗൗരി ശങ്കർ ക്ഷേത്രം,ഗുരുഗ്രാം,ഫരീദാബാദ് തുടങ്ങിയവയായിരുന്നു ലക്ഷ്യം.പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സ്‌ഫോടനങ്ങൾ നടത്തി രാജ്യത്ത് വർഗീയ ലഹളയുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി 200ൽപ്പരം തത്ക്ഷണ ബോംബുകൾ (ഐ.ഇ.ഡി) നിർമ്മിക്കാനും ഒരുങ്ങിയിരുന്നു. ഇതിനിടെയാണ് ഉമർനബിയുമായി ബന്ധപ്പെട്ടവരുടെ അറസ്റ്ര് ഫരീദാബാദിലുണ്ടായത്.

 10 അംഗ എൻ.ഐ.എ സംഘം

എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് എൻ.ഐ.എയുടെ അന്വേഷണം. ഒരു ഐ.ജി, 2 ഡി.ഐ.ജിമാർ, മൂന്ന് എസ്.പിമാർ, മൂന്ന് ഡിവൈ.എസ്.പിമാർ എന്നിവർ സംഘത്തിലുണ്ട്.

ഡോ.ഉമർ നബി ചെങ്കോട്ടയ്‌ക്കു സമീപത്തെ പാർക്കിംഗ് മേഖലയിൽ 3 മണിക്കൂറോളം കാറുമായി കാത്തുകിടന്നത് എന്തിന്? കാറിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ആരുടെയെങ്കിലും നിർദ്ദേശത്തിനായി കാത്തിരിക്കുകയായിരുന്നോ ? ചെങ്കോട്ട മേഖലയിലെത്തുന്നതിന് മുൻപ് അക്ഷർധാം ക്ഷേത്രത്തിന് സമീപത്തും, കൊണാട്ട് പ്ലേസിലും കാർ എത്തിയിരുന്നുവെന്ന് സി.സി.ടി.വി ക്യാമറകൾ വ്യക്തമാക്കുന്നു. നഗരത്തിലെ രാംലീല മൈതാന് സമീപമുള്ള മസ്‌ജിദിൽ പ്രാർത്ഥിച്ചതായും കണ്ടെത്തി. അവിടെയും മൂന്ന് മണിക്കൂറോളം ചെലവഴിച്ചിരുന്നു. എന്തിനായിരുന്നു ഇതെല്ലാമെന്നും അന്വേഷിക്കും.

പരിക്കേറ്റവരെ മോദി സന്ദർശിച്ചു

ഇന്നലെ ഭൂട്ടാനിൽ നിന്ന് മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി എൽ.എൻ.ജെ.പി ആശുപത്രിയിലാണ് ആദ്യമെത്തിയത്. പരിക്കേറ്റവരെ സന്ദർശിച്ചു. ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ളവരെ നീതിക്ക് മുന്നിൽ കൊണ്ടുവരുമെന്ന് വ്യക്തമാക്കി. കൃത്യമായ മെഡിക്കൽ സഹായം ഉറപ്പാക്കണമെന്ന് അധികൃതർക്ക് നിർദ്ദേശം നൽകി. 13 പേർ മരിച്ച സംഭവത്തിൽ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.