പാകിസ്ഥാനില്‍ വലിയ പ്രതിസന്ധി; ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെട്ടിട്ടും രക്ഷയില്ല

Wednesday 12 November 2025 11:11 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കോടതി പരിസരത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് വിവിധ പ്രതസന്ധികള്‍. പാകിസ്ഥാന്‍ ക്രിക്കറ്റിനേയും പ്രതിസന്ധി ബാധിച്ചിരിക്കുകയാണ്. പാകിസ്ഥാനില്‍ പര്യടനം നടത്തുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം തുടര്‍ന്നുള്ള മത്സരങ്ങള്‍ കളിക്കാന്‍ താത്പര്യമില്ലെന്നും പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങണമെന്നും അറിയിച്ചു. റാവല്‍പിണ്ടിയില്‍ ആദ്യ ഏകദിന മത്സരം നടക്കുന്നതിനിടെയാണ് ഇസ്ലാമാബാദില്‍ സ്‌ഫോടനം നടന്നത്.

മത്സരം നടന്ന റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. ആദ്യ മത്സരം പൂര്‍ത്തിയാക്കിയെങ്കിലും നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ കളിക്കില്ലെന്നാണ് ശ്രീലങ്കന്‍ ടീമിന്റെ നിലപാട്. ഇന്ന് രണ്ട് ടീമുകളും പരിശീലനത്തിന് ഇറങ്ങിയില്ല. പാകിസ്ഥാനില്‍ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും അറിയിച്ച താരങ്ങള്‍ നാളെ റാവല്‍പിണ്ടിയില്‍ നടക്കേണ്ട രണ്ടാം ഏകദിന മത്സരത്തില്‍ കളിക്കില്ലെന്ന നിലപാടിലാണ്. അതേസമയം, പര്യടനം ഉപേക്ഷിക്കരുതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് പാക് ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷിച്ചു.

പാകിസ്ഥാനില്‍ കളിക്കുന്നതില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ശ്രീലങ്കന്‍ താരങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ പാക് ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വി ശ്രീലങ്കന്‍ താരങ്ങളെ അനുനയിപ്പിക്കാ ശ്രമം ആരംഭിച്ചിട്ടുണ്ട്.ടീമിന് എല്ലാതരത്തിലുള്ള സുരക്ഷയും നല്‍കാമെന്ന് നഖ്വി വാഗ്ദാനം ചെയ്‌തെങ്കിലും ലങ്കന്‍ താരങ്ങള്‍ ഇതുവരെ വഴങ്ങിയിട്ടില്ലെന്നാണ് സൂചന. പരമ്പര ബഹിഷ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ട് നഖ്വി പാകിസ്ഥാനിലെ ശ്രീലങ്കന്‍ ഹൈക്കമീഷണറെയും കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.