ജാതി വിവേചനം: കേരള സെനറ്റിൽ കൂട്ടപ്രതിഷേധം
തിരുവനന്തപുരം: നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ ചേർന്ന കേരള സർവകലാശാലാ സെനറ്റ് മൂന്നര മണിക്കൂർ ബഹളത്തിൽ മുങ്ങിയതോടെ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ യോഗം പിരിച്ചുവിട്ടു. രാവിലെ എട്ടരയ്ക്ക് യോഗം ആരംഭിച്ചപ്പോൾ തന്നെ സംസ്കൃത വിഭാഗത്തിലെ വിവാദ പിഎച്ച്ഡി വിഷയത്തിൽ ഡീൻ ഡോ. സി.എൻ വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം അംഗങ്ങൾ ബഹളം തുടങ്ങി. ഡീനിന്റെ ജാതി വിവേചനം അവസാനിപ്പിക്കുക, ഡോ.വിജയകുമാരിയെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്ലക്കാർഡുകളുമായി സിപിഎം സെനറ്റംഗങ്ങൾ വിസിയെ ഉപരോധിച്ചു. എ.കെ.ജി സെന്റർ കൈവശം വച്ചിട്ടുള്ള അധികഭൂമി, ബിരുദ സീറ്റൊഴിവ്, സിൻഡിക്കേറ്റംഗങ്ങളുടെ അനധികൃത ഓഫീസ് ഉപയോഗം തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾ ഒഴിവാക്കാനായി.
മുൻ വൈസ് ചാൻസലർ മഹാദേവൻ പിള്ളയ്ക്ക് അനുശോചനം അർപ്പിക്കുന്ന അജൻഡ മാത്രമാണ് ഇടതംഗങ്ങൾ അനുവദിച്ചത്.
സംസ്കൃതത്തിൽ പാണ്ഡിത്യമില്ലാത്ത വിദ്യാർത്ഥിക്ക് പിഎച്ച്ഡി നൽകരുതെന്ന് വി.സിക്ക് ശുപാർശ നൽകിയ ഡീൻ ഡോ.വിജയകുമാരിയെ യോഗത്തിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം വി.സി നിരാകരിച്ചു. ബി.ജെ.പി അംഗങ്ങൾ വിജയകുമാരിയെ അനുകൂലിച്ചു. ഇതോടെ സി.പി.എം, ബി.ജെ.പി അംഗങ്ങൾ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. തനിക്കെതിരായ മുദ്രാവാക്യം വിളികളും ഹാളിനുള്ളിലെ ബഹളവും ഡോ. വിജയകുമാരി മൊബൈലിൽ പകർത്തുന്നത് ഇടത് അംഗങ്ങളെ ചൊടിപ്പിച്ചു. 12ആയിട്ടും ബഹളം തുടർന്നതോടെ, വി.സി യോഗം പിരിച്ചു വിട്ടു.
വി.സിയെ അരമണിക്കൂർ തടഞ്ഞു,
സെനറ്റ് ഹാളിലെ അനുശോചന യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ വി.സി ഡോ.മോഹനൻ കുന്നുമ്മേലിനെ എസ്.എഫ്.ഐക്കാർ തടയുകയും, കാറിൽ ഇടിക്കുകയും ചെയ്തു. അര മണിക്കൂർ കാറിൽ കാത്തിരുന്നിട്ടും സമരക്കാരെ പൊലീസ് നീക്കുന്നില്ലെന്ന് മനസിലാക്കിയ വി.സി ഗവർണറെ ബന്ധപ്പെട്ടു. ഗവർണർ ഡിജിപിയെ വിളിച്ച് നിർദ്ദേശം നൽകിയതോടെ, ഉന്നത പൊലീസുദ്യോഗസ്ഥരെത്തി സമരക്കാരെ നീക്കം ചെയ്തു.
വൈസ്ചാൻസലറെ തടഞ്ഞുവച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകി.
ഡീൻഷിപ്പ് റദ്ദാക്കണം: ഇടത് അംഗങ്ങൾ
സെനറ്റ് യോഗത്തിൽ,ഡീൻ സി.എൻ. വിജയകുമാരിയുടെ ഡീൻഷിപ്പ് റദ്ദാക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ഉന്നയിച്ചത്. വിജയകുമാരിയുടെ നോമിനേഷൻ പിൻവലിക്കാൻ ഗവർണർ തയ്യാറാവുക. ഗവേഷക വിദ്യാർത്ഥിയായ വിപിൻ രജിസ്ട്രാർക്ക് നൽകിയ പരാതി പൊലീസിന് കൈമാറുക, സെനറ്റ് യോഗത്തിൽ നിന്ന് ഡീനിനെ ഒഴിവാക്കി ചർച്ച ചെയ്യുക എന്നീ ആവശ്യങ്ങളും ഇടതുപക്ഷ അംഗങ്ങളായ ഷിജു ഖാൻ, ജി. മുരളീധരൻ തുടങ്ങിയവർ ഉന്നയിച്ചു. അതേസമയം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം 18ന് ചേരും. സംസ്കൃത പി.എച്ച് ഡി വിഷയം, നിരവധി ഗവേഷക വിദ്യാർത്ഥികൾക്ക് പി.എച്ച്ഡി അനുവദിക്കുന്നത്, പി.എം ഉഷ ഫണ്ടിന്റെ വിനിയോഗം എന്നിവയെല്ലാം ചർച്ചയാവും.