ലഹരി കടത്ത്: ലങ്കൻ സംഘത്തിന് പാക്, എൽ.ടി.ടി.ഇ ബന്ധമെന്ന് എൻ.ഐ.എ
കൊച്ചി: അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തു നിന്ന് 300 കിലോ ഹെറോയിനും അഞ്ച് എ.കെ 47 തോക്കുകളും സഹിതം നാലു വർഷം മുമ്പ് കോസ്റ്റ് ഗാർഡിന്റെ പിടിയിലായ ശ്രീലങ്കക്കാർക്കു പിന്നിൽ പാകിസ്ഥാൻ കേന്ദ്രമായ ഹാജി സലിം അധോലോക സംഘമാണെന്ന് എൻ.ഐ.എ. ഇവർക്ക് എൽ.ടി.ടി.ഇയുമായി ബന്ധമുണ്ടെന്നും പ്രതികളുടെ ജാമ്യഹർജിയെ എതിർത്ത് അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജാമ്യ ഹർജികൾ ഉത്തരവിനായി മാറ്റി.
കോസ്റ്റ് ഗാർഡ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ബോട്ടിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് ശ്രീലങ്കൻ പൗരന്മാരെ അറസ്റ്റ് ചെയ്തത്. അന്വേഷണം പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
പ്രതികൾ 'ലഹരിമരുന്നുകളുടെ ഉടയോൻ" എന്ന് കുപ്രസിദ്ധനായ ഹാജി സലിമിന്റെ ശൃംഖലയിലെ കണ്ണികളാണെന്നാണ് എൻ.ഐ.എ പറയുന്നത്. ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ളയാളാണ് ഹാജി സലിമെന്നും എൻ.ഐ.എ സൂപ്രണ്ട് വിഷ്ണു എസ്. വാര്യർ, ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലീന വഴി ഫയൽ ചെയ്ത പത്രികയിൽ പറയുന്നു. എൽ.വൈ. നന്ദന, ജനക ദാസപ്രിയ, സുരേഷ് രാജ് എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്താണ് വിശദീകരണം. രാജ്യ സുരക്ഷയുമായി ബന്ധമുള്ള വിഷയമായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും സാക്ഷികളുടെ ജീവന് ഭീഷണിയാകുമെന്നും എൻ.ഐ.എ പറയുന്നു. 2021 മാർച്ച് 18നാണ് ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടായ 'രവിഹൻസി" പിടിയിലായത്. നന്ദന, ജനക എന്നിവരെ ബോട്ടിൽ നിന്നും ഗൂഢാലോചനയിൽ പങ്കാളിയായ സുരേഷ് രാജിനെ പിന്നീട് ചെന്നൈയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. എൻ.ഐ.എ കോടതി കുറ്റം ചുമത്തിയതാണെന്നും വിചാരണ ഫെബ്രുവരി രണ്ടിന് ആരംഭിക്കുമെന്നും വിശദീകരണത്തിൽ പറയുന്നു.