പി.എം ശ്രീ മരവിപ്പിക്കൽ തീരുമാനം: കത്ത് റെഡിയെന്ന് സി.പി.ഐ മന്ത്രിമാരോട് മുഖ്യമന്ത്രി

Thursday 13 November 2025 1:32 AM IST

തിരുവനന്തപുരം: പി.എം ശ്രീ ധാരണാപത്രം മരവിപ്പിക്കുന്നതു സംബന്ധിച്ച മുന്നണി തീരുമാനം നടപ്പിലാക്കാത്തതിലെ അതൃപ്തി അറിയിക്കാനെത്തിയ സി.പി.ഐ മന്ത്രിമാർ പാർട്ടി തീരുമനപ്രകാരമാണ് പ്രശ്നം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കത്തയയ്ക്കാതിരുന്നാൽ കടുത്ത നടപടി വേണ്ടിവരുമെന്നും പറഞ്ഞു. കത്ത് അന്തിമഘട്ടത്തിലാണെന്നും താനടക്കമുള്ളവർ കത്തിലെ ഉള്ളടക്കം പരിശോധിച്ചാണ് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.

കത്ത് തയ്യാറായ വിവരം മന്ത്രിസഭയിലും മുഖ്യമന്ത്രി അറിയിച്ചു. തുടർന്നാണ് ഉച്ചകഴിഞ്ഞ് കത്തയച്ചത്. മന്ത്രിസഭയിൽ ചർച്ചചെയ്യാതെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സി.പി.എം തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം 29ലെ മന്ത്രിസഭ ബഹിഷ്‌കരിക്കാൻ സി.പി.ഐ തീരുമാനിച്ചിരുന്നു. തുടർന്നു നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തുടർനടപടി മരവിപ്പിക്കാനുള്ള കത്ത് കേന്ദ്രത്തിന് അയയ്ക്കാൻ തീരുമാനമായത്. കേരളത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കരുതെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിനു പിന്നാലെ സർവശിക്ഷക് കേരള (എസ്.എസ്‌.കെ) പദ്ധതിയിലെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. രണ്ടും മൂന്നും ഗഡു ലഭിക്കാനുണ്ട്. ഇത് നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനെ ഡൽഹിയിൽ സന്ദർശിച്ച് അഭ്യർത്ഥിച്ചിരുന്നു. പി.എം ശ്രീ സംബന്ധിച്ച ധാരണാപത്രം തത്കാലം മരവിപ്പിച്ചുവെന്ന കാര്യം കേന്ദ്രമന്ത്രിയെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് ശിവൻകുട്ടി വാർത്താലേഖകരോട് പറഞ്ഞിരുന്നു.