വാസുവിന്റെ ഗോഡ്ഫാദറെ പിടിക്കണം: വേണുഗോപാൽ

Thursday 13 November 2025 1:35 AM IST

തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസുവിന്റെ ഗോഡ്ഫാദർ ഉൾപ്പെടെയുള്ളവരെ പിടി കൂടുന്നതു വരെ വരെ കോൺഗ്രസ് സമരരംഗത്തുണ്ടാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി,വേണുഗോപാൽ എം.പി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിലെ മുഴുവൻ കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ല. ദേവസ്വം ബോർഡിനെ മറ്റ്

ബോർഡുകളെപ്പോലെയാണ് പിണറായി സർക്കാർ കണ്ടത്. അന്താരാഷ്ട്ര ബന്ധമുള്ള സ്വർണ്ണക്കള്ളക്കടത്ത് ഹൈക്കോടതി വെളിച്ചത്തു കൊണ്ടുവന്നു. .ഹൈക്കോടതി നിരീക്ഷണത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈകൾ ബന്ധിക്കാൻ സർക്കാർ ഇടപെടലുണ്ട്.വിശ്വാസത്തിന്റെ പേരിൽ കുതിര കയറുന്ന ബിജെപിക്കാരെ മഷിയിട്ട് നോക്കിയിട്ട് പോലും കാണാനില്ല. സി.പി.എമ്മുമായുള്ള ഡീലിന്റെ ഭാഗമായണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന്റെ മറവിൽ സ്വർണക്കൊള്ള കേസിൽ നിന്ന് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ എം.എം. ഹസൻ, കെ.മുരളീധരൻ ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എന്നിവർ സംസാരിച്ചു.