കൊടി സുനിയെ ജയിൽ മാറ്റണമെന്ന് അമ്മ
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കൊടി സുനിയെ (സുനിൽകുമാർ) കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അമ്മ എൻ.പി. പുഷ്പ ഹൈക്കോടതിയെ സമീപിച്ചു. മലപ്പുറം തവനൂർ ജയിലിലാണിപ്പോൾ. മകനെ കണ്ടിട്ട് 13 വർഷത്തിലേറെയായെന്നും പ്രായാധിക്യവും രോഗങ്ങളുമുള്ളതിനാൽ യാത്ര ബുദ്ധിമുട്ടാണെന്നുമാണ് ഹർജിയിൽ പറയുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് സർക്കാരിന്റെ നിലപാട് തേടി.
സുനിക്ക് 2024 ലും 2025 ലും പരോൾ ലഭിച്ചിരുന്നെങ്കിലും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഈ വർഷമാദ്യം മറ്റൊരു കേസിന്റെ വിചാരണയ്‌ക്കായി സുനിയെ താത്കാലികമായി കണ്ണൂർ ജയിലിലേക്ക് മാറ്റിയിരുന്നു. അവിടെയായിരിക്കെ 15 ദിവസത്തെ പരോൾ അനുവദിച്ചു, പരോൾ വ്യവസ്ഥ ലംഘിച്ചതിനാൽ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് തിരികെ അയച്ചെന്നും ഹർജിയിൽ പറയുന്നു. ഹർജി 18ന് വീണ്ടും പരിഗണിക്കും.