തിരുപ്പതി ലഡുവിലെ മായം: എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിലായേക്കും, 50 കോടിയുടെ വഴിവിട്ട ഇടപാട് നടന്നെന്ന് സി.ബി.ഐ

Thursday 13 November 2025 12:39 AM IST

വിജയവാഡ: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡു തയ്യാറാക്കാൻ മായംചേർന്ന നെയ്യ് വാങ്ങിയ സംഭവത്തിൽ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) മുൻ എക്സിക്യൂട്ടീവ് ഓഫീസർ എ.വി. ധർമ്മ റെഡ്ഡിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പിന്നിൽ നടന്നത് വമ്പൻ തട്ടിപ്പെന്ന് സി.ബി.ഐ കണ്ടെത്തിയതിനുപിന്നാലെയാണിത്. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തശേഷം ഇന്നലേയും ചോദ്യം ചെയ്തു.വൈ.എസ്.ആർ കോൺഗ്രസിലെ ലോക്സഭാ എം.പിയും മുൻ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാനുമായിരുന്ന വൈ.വി. സുബ്ബ റെഡ്ഡിയേയും ഉടൻ ചോദ്യം ചെയ്യും. സി.ബി.ഐ ഡി.ഐ.ജി മുരളി രംഭയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നെയ്യ് സംഭരണം, വിതരണക്കാരുടെ പരിശോധന, ഗുണനിലവാര നിയന്ത്രണ നടപടികൾ എന്നിവയിലെ എ.വി. ധർമ്മ റെഡ്ഡിയുടെ കാലയളവിലെ വീഴ്ചകളെക്കുറിച്ച് അദ്ദേഹത്തോട് ചോദ്യം ചെയ്തതായി റിപ്പോർട്ടുണ്ട്. 2022ൽ ടി.ടി.ഡി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഭോലെ ബാബ ഡയറി, പ്രോക്സി സ്ഥാപനങ്ങൾ വഴി നെയ്യ് വിതരണം ചെയ്യുന്നത് എങ്ങനെയെന്ന് അദ്ദേഹത്തോട് ചോദിച്ചു. ഭോലെ ബാബ ഡയറിക്ക് വിവിധ രാസവസ്തുക്കൾ വിതരണം ചെയ്ത അജയ് കുമാർ സുഗന്ധിനെ എസ്‌.ഐ.ടി അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓർഗാനിക് ഡയറി ഒരിടത്തുനിന്നും ഒരു തുള്ളി പാലോ വെണ്ണയോ പോലും സംഭരിച്ചിട്ടില്ലെന്നും നെല്ലൂർ ആസ്ഥാനമായുള്ള വൈഷ്ണവി ഡയറി, മഹാരാഷ്ട്ര ആസ്ഥാനമായുള്ള മാൽ ഗംഗാ ഡയറി, തമിഴ്നാട് ആസ്ഥാനമായുള്ള എ.ആർ ഡയറി എന്നിവയുൾപ്പെടെ 2019 നും 2024 നും ഇടയിൽ ടി.ടി.ഡിക്ക് 68 ലക്ഷം കിലോ നെയ്യ് വിതരണം ചെയ്യാൻ കഴിഞ്ഞതായും എസ്‌.ഐ.ടി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ വഴിവിട്ട ഇടപാടുകളും അന്വേഷണ സംഘം കണ്ടെത്തി. വൈ.വി. സുബ്ബ റെഡ്ഡിയുടെ പേഴ്സണൽ അസിസ്റ്റന്റ് കെ. ചിന്നപ്പണ്ണ, ഉത്തർപ്രദേശ് ആസ്ഥാനമായുള്ള പ്രീമിയർ അഗ്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള ഹവാല ഏജന്റുമാരിൽനിന്ന് പണം സ്വീകരിച്ചതായാണ് ആരോപണം.

കേസിലെ 16ാം പ്രതിയായ അജയ് കുമാർ, ഭോലെ ബാബ ഡയറി ഡയറക്ടർമാരായ പോമിൽ ജെയിൻ, വിപിൻ ജെയിൻ എന്നിവരുമായി വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. പോമിൽ ജെയിൻ, വിപിൻ ജെയിൻ എന്നിവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമ്മിക്കാൻ ജഗൻമോഹൻ റെഡ്ഡി സർക്കാരിന്റെ കാലത്ത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് 2024 സെപ്തബറിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന നടത്തിയതോടെ സംഭവം ആന്ധ്രയിൽ രാഷ്ട്രീയ വിവാദമായി ആളിക്കത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന നേതാക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിഷയം കോടതിയിലെത്തി.