ഉമറിന്റെ തുർക്കി സന്ദർശനം വൻ ആസൂത്രണ സൂചന

Thursday 13 November 2025 12:40 AM IST

ന്യൂഡൽഹി: ചെങ്കോട്ടയ്ക്കടുത്ത് ഐ 20 ഹ്യൂണ്ടായ് കാറിൽ പൊട്ടിച്ചിതറിയ ഡോ.ഉമർ നബി 2021ൽ തുർക്കി സന്ദ‌ർശനം നടത്തിയിരുന്നുവെന്ന് കണ്ടെത്തി. കാർസ്ഫോടനത്തിൽ ജെയ്ഷെയുടെ പങ്ക് വ്യക്തമാക്കുന്ന സൂചനയാണിത്. ഫരീദാബാദിൽ 2,900 കിലോയിൽപ്പരം സ്‌ഫോടകവസ്‌തുശേഖരം പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ അഹമ്മദ് ഗനായ് അന്ന് ഉമറിനൊപ്പമുണ്ടായിരുന്നു. അവിടെ വച്ചു ജെയ്ഷെ മുഹമ്മദ് നേതാക്കളെ കണ്ടുവെന്നാണ് വിവരം. ആസൂത്രണത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നുവോ എന്നത് ഏജൻസികൾ അന്വേഷിക്കുന്നു. ലഷ്കറെ ത്വയ്ബയും സംശയ പരിധിയിലാണ്.

നേരത്തെ ഫരീദബാദിൽ പിടിയിലായ ഡോ. മുസമ്മിൽ അഹമ്മദ് ഗനായ് ജനുവരി മുതൽ പലതവണ ചെങ്കോട്ട മേഖലയിൽ നിരീക്ഷണം നടത്തിയിരുന്നു. ഫോൺകോൾ രേഖകകളിൽ അക്കാര്യം വ്യക്തമായി. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ സ്‌ഫോടനം നടത്താൻ ആസൂത്രണം ചെയ്‌തെങ്കിലും വൻസുരക്ഷയായതിനാൽ നടന്നില്ല. ഉമർ നബിയുടെ പേരിലുള്ള ചുവന്ന ഫോർഡ് ഇക്കോ സ്‌പോർട്ട് കാർ ഹരിയാന ഖണ്ഡാവാലി ഗ്രാമത്തിലെ ഫാം ഹൗസിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജവിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്‌തതെന്നാണ് സൂചന.