ബീഹാറിൽ നാളെ വോട്ടെണ്ണൽ പ്രതീക്ഷയിൽ മുന്നണികൾ
ന്യൂഡൽഹി: ബീഹാർ ആര് ഭരിക്കുമെന്ന് നാളെ ഉച്ചയോടെ അറിയാം. 243 അംഗ നിയമസഭയിലേക്ക് രണ്ടു ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ തുടങ്ങാനിരിക്കെ ഭരണകക്ഷിയായ എൻ.ഡി.എയും പ്രതിപക്ഷമായ മഹാസഖ്യവും പ്രതീക്ഷയിലാണ്. വോട്ടെടുപ്പിന് പിന്നാലെ വന്ന പത്ത് എക്‌സിറ്റ് പോൾ സർവേകളും അനുകൂലമായതിന്റെ ആശ്വാസത്തിൽ തുടർഭരണത്തിനുള്ള ചർച്ചകൾ എൻ.ഡി.എ തുടങ്ങിയെന്നാണ് സൂചന. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമോയെന്ന് വ്യക്തമല്ല. കൂടുതൽ സീറ്റുകൾ ലഭിച്ചാൽ ബി.ജെ.പിക്ക് മുൻകൈയുണ്ടാകും.ഭൂരിപക്ഷം ലഭിച്ചാൽ അതിൽ സ്‌ത്രീ വോട്ടർമാരുടെ സംഭാവന വലുതായിരിക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. എക്‌സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായതിന് പിന്നാലെ പാട്‌നയിൽ ബി.ജെ.പി പ്രവർത്തകർ 501 കിലോ ലഡു തയ്യാറാക്കി. അതേസമയം എക്‌സിറ്റ് പോൾ ഫലങ്ങൾ മഹാസഖ്യം തള്ളി. ഫലം തെറ്റിദ്ധാരണ പരത്തുകയാണെന്ന് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു.
എൻ.ഡി.എയ്ക്ക് അനുകൂലം
എൻ.ഡി.എയ്‌ക്ക് വിജയം പ്രവചിച്ച് കൂടുതൽ എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ ഇന്നലെ പുറത്തുവന്നു.
എൻ.ഡി.എ 43% വോട്ടുകളോടെ 121-141 സീറ്റുകൾ നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യാ പ്രവചനം. മഹാസഖ്യത്തിന് 98-118. ആർ.ജെ.ഡി 67-75 സീറ്റുകൾ നേടി ഏറ്റവും വലിയ പാർട്ടിയാകുമെന്നും പറയുന്നു. ബി.ജെ.പി 50-56 സീറ്റിൽ ജയിക്കുമെന്നും പ്രചവചനം. വോട്ട് വൈബ്- എൻ.ഡി.എ: 125-145, മഹാസഖ്യം: 95-115.