ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം: പാകിസ്ഥാനിൽ അധികാരം മുനീറിന്റെ കൈകളിലേക്ക്

Thursday 13 November 2025 7:07 AM IST

ഇസ്ലാമാബാദ്: വിവാദമായ 27 -ാം ഭരണഘടനാ ഭേദഗതിയിലൂടെ അധികാരവും പദവിയും കൈപ്പിടിയിലൊതുക്കാനുള്ള തയ്യാറെടുപ്പിൽ പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഭേദഗതി ബിൽ ഇന്നലെ പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലിയിൽ പാസായതോടെയാണ് സൈനിക ഏകാധിപതിയായി മാറാനുള്ള അവസരം മുനീറിന്റെ കൈയ്യിലെത്തിയത്. ബിൽ സെനറ്റിൽ നേരത്തെ പാസായിരുന്നു.

രാജ്യത്തിന്റെ ഭരണഘടനാപരവും സൈനികപരവുമായ ഘടനകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതാണ് ഭേദഗതി. സുപ്രീം കോടതി കാഴ്ചക്കാരായി മാറും. ജനാധിപത്യ, ജുഡിഷ്യൽ വ്യവസ്ഥകളെ അട്ടിമറിച്ച് സ്വേച്ഛാധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കാട്ടി ബില്ലിനെ പ്രതിപക്ഷം എതിർത്തെങ്കിലും ഫലമുണ്ടായില്ല. പ്രസിഡന്റ് ആസിഫ് അലി സർദ്ദാരിയുടെ അംഗീകാരത്തോടെ ഭേദഗതി ഉടൻ നിയമമാകും.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം മേയിലാണ് മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തിയത്. ഇതോടെ മുനീർ രാജ്യത്തെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായി മാറി. ഷെഹ്‌ബാസ്, മുനീറിന്റെ കൈയ്യിലെ പാവയാണെന്ന് നിരീക്ഷകർ വിമർശിക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഷെഹ്ബാസിന്റെ ചർച്ചകളിൽ മുനീറും ഒപ്പമുണ്ടായിരുന്നു. ചാരസംഘടനയായ ഐ.എസ്‌.ഐയുടെ മുൻ തലവനായ മുനീ‌ർ 2022ലാണ് സേനാ മേധാവിയായത്.

# മുനീർ കൂടുതൽ ശക്തനാകും

 പുതിയ പദവി - ചീഫ് ഒഫ് ഡിഫൻസ് ഫോഴ്സസ് (സി.ഡി.എഫ്) എന്ന പേരിൽ സംയുക്ത സേനാ മേധാവിയുടെ പദവി നിലവിൽ വരും. മുനീർ പദവിയിലെത്തും. ഇതുവരെ സേനാ മേധാവികളുടെ ഏകോപന ചുമതല വഹിച്ചിരുന്ന ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാന്റെ സ്ഥാനം നിറുത്തലാക്കി

 സമ്പൂർണ്ണ അധികാരം - നാവികസേന, വ്യോമസേന മേധാവികളുടെ പ്രത്യേക പദവികൾ ഒഴിവാക്കി, മൂന്ന് സേനകളുടെയും ഭരണഘടനാപരമായ അംഗീകാരമുള്ള മേധാവിയായി കരസേനാ മേധാവി (സി.ഡി.എഫ്) മാറും. പരമോന്നത സൈനിക കമാൻഡർ

 ആജീവനാന്ത പദവി - ഫീൽഡ് മാർഷൽ (മുനീറിന് ഫീൽഡ് മാർഷൽ പദവിയാണ് ) പോലെ ഫൈവ് സ്റ്റാർ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥർക്ക് ആജീവനാന്തം പദവികളും പ്രത്യേകാവകാശങ്ങളും നിലനിൽക്കും. പ്രസിഡന്റിന് സമാനമായി അവർക്ക് പ്രോസിക്യൂഷനിൽ നിന്ന് പ്രതിരോധം ലഭിക്കും

 പുതിയ കോടതി - സുപ്രീം കോടതിയെ മറികടക്കുന്ന പുതിയ ഫെഡറൽ ഭരണഘടനാ കോടതി സ്ഥാപിക്കും. ഭരണഘടനാപരം, സൈനികം, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഈ കോടതി കൈകാര്യം ചെയ്യും. സൈന്യവുമായോ പ്രതിരോധവുമായോ ബന്ധപ്പെട്ട തീരുമാനങ്ങൾ പുനഃപരിശോധിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള സുപ്രീം കോടതിയുടെ അധികാരം ഇല്ലാതാകും