യു.എസ് ഷട്ട്‌ഡൗൺ: ജനപ്രതിനിധി സഭയിൽ വോട്ട്

Thursday 13 November 2025 7:19 AM IST

വാഷിംഗ്ടൺ : യു.എസിൽ സർക്കാർ സ്ഥാപനങ്ങളിൽ ഒക്ടോബർ 1 മുതൽ തുടരുന്ന ഷട്ട്‌ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള നിർണായക ബില്ലിന്റെ വോട്ടെടുപ്പ് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ജനപ്രതിനിധി സഭയിൽ നടക്കും. പാർട്ടിയുടെ എതിർപ്പ് മറികടന്ന് എട്ട് ഡെമോക്രാറ്റിക് അംഗങ്ങൾ അനുകൂലിച്ചതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ ബിൽ പാസാക്കാൻ കഴിഞ്ഞിരുന്നു. ജനുവരി 30 വരെ സർക്കാർ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതാണ് ബിൽ. പാസായാൽ പ്രസിഡന്റിന്റെ അംഗീകാരത്തോടെ പ്രാബല്യത്തിൽ വരും. ഇതോടെ ഷട്ട്ഡൗൺ അവസാനിക്കും. നിലച്ച ഭക്ഷ്യ പദ്ധതികൾ പുനരാരംഭിക്കാനും ഫെഡറൽ ജീവനക്കാർക്ക് മുടങ്ങിയ ശമ്പളം നൽകാനും കഴിയും.

സർക്കാർ സ്ഥാപനങ്ങൾക്ക് പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കാനുള്ള ധനാനുമതി ബിൽ ഡെമോക്രാറ്റുകളുടെ എതിർപ്പ് മൂലം പാസാക്കാൻ കഴിയാതെ വന്നതോടെയാണ് യു.എസിൽ ഷട്ട്‌ഡൗൺ ഏർപ്പെടുത്തിയത്. അവശ്യ സർവീസുകൾ ഒഴികെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്.