'അടച്ചുപൂട്ടൽ' മതിയാക്കി യുഎസ്; സർക്കാർ ഷട്ട്‌ഡൗൺ അവസാനിച്ചു, ബില്ലിൽ ഒപ്പുവയ്ക്കാൻ ട്രംപ്
വാഷിംഗ്ടൺ: യുഎസിൽ സർക്കാർ സ്ഥാപനങ്ങളിൽ ഒക്ടോബർ ഒന്ന് മുതൽ തുടരുന്ന ഷട്ട്‌ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള നിർണായക ബില്ല് പാസാക്കി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിലാണ് ബില്ല് പാസാക്കിയത്. ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കൻ നിയന്ത്രിത ജനപ്രതിനിധി സഭ 222- 209 വോട്ടുകൾക്ക് പാസാക്കിയത്.
ഉടൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബില്ലിൽ ഒപ്പുവയ്ക്കുമെന്നാണ് വിവരം. ജനുവരി 30 വരെ സർക്കാർ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതാണ് ബിൽ. ഷട്ട്ഡൗൺ അവസാനിക്കുന്നതോടെ നിലച്ച ഭക്ഷ്യ പദ്ധതികൾ പുനരാരംഭിക്കാനും ഫെഡറൽ ജീവനക്കാർക്ക് മുടങ്ങിയ ശമ്പളം നൽകാനും കഴിയും.
സർക്കാർ സ്ഥാപനങ്ങൾക്ക് പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കാനുള്ള ധനാനുമതി ബിൽ ഡെമോക്രാറ്റുകളുടെ എതിർപ്പ് മൂലം പാസാക്കാൻ കഴിയാതെ വന്നതോടെയാണ് യുഎസിൽ ഷട്ട്‌ഡൗൺ ഏർപ്പെടുത്തിയത്. അവശ്യ സർവീസുകൾ ഒഴികെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയായിരുന്നു.
ഡെമോക്രാറ്റിക് അംഗങ്ങളുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിലെ ആദ്യ കടമ്പ മറികടന്നത്. 100 അംഗ സെനറ്റിൽ 53 സീറ്റാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. 60 അംഗങ്ങളുടെ പിന്തുണ വേണം ബിൽ പാസാകാൻ. റിപ്പബ്ലിക്കൻമാർ മുന്നോട്ടുവച്ച ചില വിട്ടുവീഴ്ചകൾ ഉൾക്കൊള്ളുന്ന കരാർ, പാർട്ടി നേതൃത്വത്തെ അവഗണിച്ച് ഒരു വിഭാഗം ഡെമോക്രാറ്റുകൾ അംഗീകരിച്ചതോടെയാണ് പ്രാരംഭ വോട്ട് മറികടക്കാനായത്.