ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവും പിഴയും, രാജ്യത്ത് ആദ്യം

Thursday 13 November 2025 10:14 AM IST

ഗാന്ധിനഗർ: ഗുജറാത്തിൽ പശുവിനെ കൊന്നകുറ്റത്തിന് മൂന്നുപേർക്ക് ജീവപര്യന്തം തടവും ആറുലക്ഷം രൂപ പിഴയും ശിക്ഷ. അമ്റേലി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി റിസ്വാന ബുഖാരിയാണ് ശിക്ഷ വിധിച്ചത്. കാസിം സോളങ്കി (20), സത്താർ സോളങ്കി (52), അക്രം സോളങ്കി (30) എന്നിവരെയാണ് ശിക്ഷിച്ചത്. ശിക്ഷയ്ക്ക് പുറമേ 6.08 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഹിന്ദുക്കൾ പശുവിനെ പവിത്രമായാണ് കണക്കാക്കുന്നതെന്നും അതുമനസിലാക്കിയിട്ടും പ്രതികൾ കുറ്റംചെയ്തു എന്ന നിരീക്ഷണത്തോടെയാണ് കോടതി വിധി പ്രസ്താവിച്ചത്. പശുവിനെ കൊന്നു എന്ന കുറ്റത്തിന് ഇത്ര കടുത്തശിക്ഷ ലഭിക്കുന്നത് രാജ്യത്ത് ആദ്യമാണെന്നാണ് റിപ്പോർട്ട്.

2023 നവംബറിൽ മോട്ട ഖത്കിവാഡ് പ്രദേശത്തെ ബഹാർപാരയിൽ പശുവിനെ കൊന്ന് അതിന്റെ അവശിഷ്ടങ്ങൾ മുനിസിപ്പാലിറ്റിയുടെ അഴുക്കുചാലിൽ തള്ളിയെന്നും അതിലൂടെ ഹിന്ദുക്കളുടെ മതവികാരങ്ങൾ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് പൊലീസ് കോൺസ്റ്റബിൾ വനരാജ് മഞ്ജരിയയാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ റെയ്ഡിൽ പശു ഇറച്ചി, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ, കത്തികൾ, ത്രാസുകൾ, വാഹനം എന്നിവ പിടിച്ചെടുത്തിരുന്നു. വിചാരണക്കിടെ സാക്ഷിമൊഴികളും ഫോറൻസിക് റിപ്പോർട്ടും, മൃഗ ഡോക്ടറുടെ പരിശോധനാ റിപ്പോർട്ടും പൊലീസ് ഹാജരാക്കിയിരുന്നു. എന്നാൽ സ്വതന്ത്ര സാക്ഷികൾ ഉണ്ടായിരുന്നില്ല.

സ്വതന്ത്ര സാക്ഷികളുടെ പിന്തുണയില്ലാത്തതിനാൽ മാത്രം പൊലീസ് നടപടി വിശ്വാസയോഗ്യമല്ലെന്നോ പക്ഷപാതപരമാണെന്നോ പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ലഭിച്ച തെളിവുകൾ എല്ലാം പ്രതികൾ കുറ്റംചെയ്തു എന്നത് ഉറപ്പിക്കുന്നു എന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് മാതൃകാവിധിയാണെന്നാണ് സംസ്ഥാന ആഭ്യന്തരമന്ത്രി വിശേഷിപ്പിച്ചത്. ശിക്ഷയ്‌ക്കെതിരെ മേൽക്കോടതിയിൽ അപ്പീൽപോകുമെന്നാണ് പ്രതികൾ പറയുന്നത്.