പ്രതിസന്ധികൾ മാത്രമല്ല, പരിഹാരങ്ങളുമുണ്ട്

Thursday 13 November 2025 11:20 PM IST

'മരിക്കാൻ കാണിച്ചതിന്റെ പകുതി ധൈര്യം മതിയായിരുന്നു അവന് ജീവിക്കാൻ' നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ മരണവാർത്ത ഫേസ്ബുക്കിൽ വന്നപ്പോൾ താഴെ വന്ന കമന്റുകളിലൊന്നാണ് ഇത്. ജീവിതത്തിൽ തെണ്ണൂറ്റിയൊമ്പത് മാർക്ക് നേടിയെന്ന് പറഞ്ഞാലും നഷ്ടപ്പെട്ട ഒരു മാർക്കിനെ ഓർത്ത് വിലപിച്ച് ജീവിതം ഇല്ലാതാക്കുന്ന തരത്തിലേക്ക് പുതുതലമുറയിലെ കുട്ടികളുടെ മാനസികാവസ്ഥ മാറിയിരിക്കുന്നു. ഒരു കാലത്ത് ആത്മഹത്യയെപ്പറ്റിയുള്ള വാർത്തകൾ പോലും വളരെ അപൂർവ്വമായിരുന്നു. എന്നാൽ ഇന്ന് പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശ്രമം പോലും നടത്താതെ ആത്മഹത്യയെന്ന ദാരുണമായ വഴിയിലേക്ക് പലരും വഴുതിവീഴുകയാണ്. സ്കൂൾ- കോളേജ് വിദ്യാർത്ഥികൾ, തൊഴിരഹിതർ, സമ്മർദ്ദം താങ്ങാനാവാത്തവർ ഇങ്ങനെ കാലം മാറിയപ്പോൾ ആത്മഹത്യ തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും കൂടി. വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും നൽകി മാതാപിതാക്കൾ വളർത്തുന്ന ഈ തലമുറയിലെ കുട്ടികൾക്ക് എവിടെയാണ് പിഴയ്ക്കുന്നത്? മറ്രൊരാളോട് തുറന്നു സംസാരിച്ചാൽ പരിഹരിക്കാവുന്നതാവും പല പ്രശ്നങ്ങളും. എന്നാൽ അതിനുള്ള ശ്രമങ്ങൾപ്പോലും നടത്താതെ ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് പലരും.

പ്രതിസന്ധികളിൽ

തളരുമ്പോൾ

ഒരാൾ തന്നെ ദുരുപയോഗം ചെയ്തു, അത് ദുരുപയോഗമാണെന്ന് താൻ മനസിലാക്കിയത് അടുത്തിടെയാണ്. ഒരു വ്യക്തിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവ ഐ.ടി പ്രൊഫഷണൽ അനന്തു അജി തിരുവന്തപുരത്ത് ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്പ് അനന്തു പുറത്തുവിട്ട ആരോപണങ്ങളടങ്ങിയ വീഡിയോ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. അനന്തുവിന്റെ ആത്മഹത്യയിലെ ആരോപണങ്ങളെ തുടർന്ന് രാഷ്ട്രീയമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും കേരളത്തിൽ നടന്നു. വലിയ വിവാദങ്ങൾക്ക് വഴിവച്ച ഈ സംഭവത്തിൽ അനന്തു നേരിട്ടിരുന്ന പ്രശ്നത്തെക്കുറിച്ച് മറ്രൊരാൾക്കുപോലും അറിയുമായിരുന്നില്ല. ഇത്രയധികം മാനസിക സംഘർഷം നേരിട്ടിരുന്ന സമയത്തും തന്റെ പ്രശ്നങ്ങൾ മാനസികാരോഗ്യ വിദഗ്ദ്ധനോടോ,​ അടുത്ത സുഹൃത്തിനോടോ തുറന്നു സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ സംഭവം മറ്റൊരു രീതിയിലേക്ക് മാറിയാനെ,​ ചിലപ്പോൾ അനന്തുവിനെ ആത്മഹത്യയിൽ നിന്നുപോലും രക്ഷിക്കാനും കഴിഞ്ഞാനേ.

ബന്ധങ്ങളുടെ അഭാവം മുൻകാലങ്ങളിൽ ഒരാളുടെ ജീവിതത്തിൽ കുടുംബബന്ധങ്ങളുടെ സ്വാധീനം വലുതായിരുന്നു. തൊഴിലിനും പഠന ആവശ്യങ്ങൾക്കുമായി അന്യനാടുകളിലേക്ക് വിദ്യാർത്ഥികൾ പോയതോടെ കുടുംബവുമായിട്ടുണ്ടായിരുന്ന ബന്ധങ്ങളിലും അകൽച്ചയുണ്ടായി. ജോലിയിലെ സമ്മർദ്ദങ്ങളും ഒറ്റപ്പെടലും സഹപ്രവർത്തകരുടെ പെരുമാറ്റങ്ങളെക്കുറിച്ചുമൊക്കെ അവർ അടുത്ത സുഹൃത്തുക്കളോടു പോലും പറയാതായി. പണ്ട് എല്ലാ കാര്യങ്ങളും വീട്ടിൽ തുറന്നു പറഞ്ഞിരുന്ന ഓരാൾക്ക് ഫോണിലൂടെ പോലും ഇന്ന് ഒന്നും പറയാൻ കഴിയുന്നില്ല. ഫോണിന്റെയും ഇന്റർനെറ്റിന്റെയും കടന്നുവരവും ഇതിന് കാരണമായി. ഇതോടെ ഒരാൾക്കുണ്ടാകുന്ന മനോവിഷമത്തെക്കുറിച്ച് സഹോദരങ്ങൾക്കോ സുഹൃത്തുക്കൾക്കോ പോലും പിടികിട്ടാറില്ല. ഈ സമയത്തും അവർക്ക് ആശ്രയമാകുന്നത് ഓൺലൈനിലൂടെ പരിചയപ്പെടുന്ന പുതിയ ബന്ധങ്ങളായിരിക്കും. അവരുടെ പെട്ടെന്നുള്ള അകൽച്ചയും വലിയ രീതിയിലുള്ള മാനസിക പ്രതിസന്ധികളുണ്ടാക്കുന്നുണ്ട്. ഇതെല്ലാം ആത്മഹത്യയിലേക്കും നയിക്കുന്നതായി പഠനങ്ങൾ പറയുന്നു.

വിലപ്പെട്ട ജീവിതം ജീവിതം ഒരിക്കലുമൊരു നേർരേഖയായിരിക്കില്ലെന്നും അതിൽ സമ്മിശ്രമായ അവസ്ഥകളുണ്ടാകാമെന്നുമുള്ള പാഠം ചെറു ക്ലാസുകൾ മുതൽ വിദ്യാർത്ഥികളെ പറഞ്ഞു പഠിപ്പിക്കണം. വിജയത്തിന് പുറമെ പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കുന്ന ഒരു തലമുറയാണ് നമുക്ക് തീർക്കേണ്ടത്. പഠനരീതികളിൽ നിന്നുതന്നെ ഈ ബോധം വളർത്തണം. വിദ്യാർത്ഥികൾക്ക് അവരുടെ വികാരങ്ങൾ തുറന്ന് പറയാനും, ഭയം കൂടാതെ പ്രശ്നങ്ങൾ പങ്കുവെയ്ക്കാനും കഴിയുന്ന സാഹചര്യം ഒരുക്കേണ്ടതും അത്യാവശ്യമാണ്. സ്കൂളുകളിലും കോളേജുകളിലും മാനസികാരോഗ്യം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് ഇതിലൂടെ വലിയൊരു മാറ്റത്തിന് വഴിവയ്ക്കും. കൗൺസലിംഗ് സംവിധാനങ്ങൾ ചെറു ക്ലാസുകളിലേയ്ക്കും വ്യാപിപ്പിക്കണം. വിദ്യാർത്ഥികൾ നേരിടുന്ന മാനസിക സമ്മർദങ്ങൾ, ബന്ധങ്ങൾ, പഠനഭാരം തുടങ്ങിയ വിഷയങ്ങളിൽ അവർക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ പരിശീലനം നേടിയ കൗൺസിലർമാരും അദ്ധ്യാപകരുമുണ്ടാകണം. ഏതു സാഹചര്യത്തിലും എന്തും തുറന്നു സംസാരിക്കാനുള്ള ഒരു സുഹൃത്തോ കേൾവിക്കാരനെയോ ഉണ്ടായിരിക്കണം.

ജീ​വി​തം​ വി​ല​പ്പെ​ട്ട​താ​ണ്. ഓ​രോ​ മ​നു​ഷ്യ​നും​ ത​ന്റെ​ യാ​ത്ര​യി​ൽ​ ത​ള​ർ​ന്നു​പോ​കു​ന്ന​ നി​മി​ഷ​ങ്ങ​ൾ​ ഉ​ണ്ടാ​യേ​ക്കാം​,​ പ​ക്ഷേ​ അ​തെ​ല്ലാം​ ജീ​വി​ത​ത്തി​ന്റെ​ സ്വാ​ഭാ​വി​ക​മാ​യ​ ഭാ​ഗ​ങ്ങ​ളാ​ണ്. അ​തി​നാ​ൽ​ പ​രാ​ജ​യ​ങ്ങ​ളെ​ ഭ​യ​പ്പെ​ടാ​തെ​,​ അ​തി​ലൂ​ടെ​ പാ​ഠ​ങ്ങ​ൾ​ ഉ​ൾ​ക്കൊ​ണ്ട് മു​ന്നോ​ട്ട് പോ​കാ​ൻ​ കു​ട്ടി​ക​ളെ​ പ​ഠി​പ്പി​ക്കാം​.