അക്ഷരപ്പൂന്തോട്ടത്തിൽ ഇനി കസ്തൂരി ശലഭവും; കസ്തൂരി ഭായിയുടെ ജീവിതകഥ ഇനി വായനക്കാരിലേക്ക്

Thursday 13 November 2025 10:58 AM IST

ഷാർജ: പ്രമുഖ വ്യവസായിയും കവിയുമായ സോഹൻ റോയിയുടെ മാതാവ് കസ്തൂരി ഭായി എഴുതിയ ഡയറിക്കുറിപ്പുകളുടെ സമാഹാരമായ 'കസ്തൂരി ശലഭം' എന്ന പുസ്തകം ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് പ്രകാശനം ചെയ്തു. ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സോഹൻ റോയിയുടെ ഭാര്യാമാതാവും ഏരീസ്ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടറുമായ പ്രേമാവതി മണ്ണടത്ത്, പ്രശസ്ത എഴുത്തുകാരനും കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രററിയായ പാലക്കാടു പബ്ലിക്ക് ലൈബ്രററിയുടേയും സ്വരലയയുടേയും ജീവാത്മാവും കൈരളി ടിവിയുടെ ഡയറക്ടറുമായ ടി. ആർ. അജയന് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവഹിയ്ക്കപ്പെട്ടത്.

ഷാർജാ എക്സ്പോ സെന്ററിലെ ഏഴാം നമ്പർ ഹാളിൽ വച്ച് ബുധനാഴ്ച്ച വൈകിട്ട് എട്ട് മണിക്കായിരുന്നു ചടങ്ങ്. ഷാർജാ പുസ്തകോത്സവത്തിന്റെ പ്രധാന സംഘാടകനായ മോഹൻകുമാർ, ലിപി പബ്ലിക്കേഷൻസ് മേധാവി അക്ബർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത ആങ്കർ കൂടിയായ മച്ചിങ്ങൽ രാധാകൃഷ്ണൻ ചടങ്ങുകൾ നിയന്ത്രിച്ചു. രാജഭരണ കാലത്ത് പെൺകുട്ടികൾ ഹൈസ്കൂൾ കാലഘട്ടം തന്നെ പൂർത്തിയാക്കുന്നത് അപൂർവമായിരുന്ന പഴയകാല സാമൂഹ്യ വ്യവസ്ഥയെ സ്വന്തം ഇച്ഛാശക്തി കൊണ്ട് മറികടന്ന്, തിരുവനന്തപുരം സംസ്കൃത കോളേജിൽ നിന്ന് അഞ്ചു വർഷം നീണ്ട അന്നത്തെ ഏറ്റവും ഉന്നതമായ ബിരുദാനന്തരബിരുദമായി കണക്കാക്കിയിരുന്ന 'മഹോപാദ്ധ്യായ' കരസ്ഥമാക്കിയ കസ്തൂരി ഭായ് എന്ന ധീരവനിതയുടെ ജീവിതരേഖയാണ് ഈ പുസ്തകം.

ആദ്യ കേരളാ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന അയിഷാ ഭായ്,വിപ്ലവപ്പോരാളികളായിരുന്ന സുശീലാ ഗോപാലൻ, ഗൗരിയമ്മ എന്നിവരോടൊപ്പം താമസിച്ചു പഠിയ്ക്കുകയും അന്നത്തെ നിരവധി വിമോചന സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്ത അവർ, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിനു മുൻപും പിമ്പുമായി ഏകദേശം ഒന്നര നൂറ്റാണ്ടോളം നീളുന്ന കേരള ചരിത്രത്തെ കൂടി ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അന്ധവിശ്വാസത്തിനും അനാചാരത്തിനും ജാതി വിവേചനത്തിനും എതിരേ ശക്തമായി പ്രവർത്തിച്ച ആത്മവിദ്യാ സംഘത്തിന്റെ മൂല്യങ്ങൾ പിന്തുടർന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുകയും ഒരു സുശക്തമായ കുടുംബജീവിതം കെട്ടിപ്പടുക്കുകയും ചെയ്ത അവരുടെ ജീവിതം ഏതൊരു വ്യക്തിക്കും മാതൃകയാണ്. പുതുതലമുറ തിരിച്ചറിയേണ്ട മൂല്യവ്യവസ്ഥകളെ പരിചയപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങളും ഈ പുസ്തകത്തിലുണ്ട്. പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കടയുടെ ആസ്വാദനക്കുറിപ്പോടെ പുറത്തിറങ്ങുന്ന ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത് കോഴിക്കോട് ആസ്ഥാനമായ ലിപി പബ്ലിക്കേഷൻസാണ്.