വാഹനാപകടത്തിൽ നിന്ന് ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, പ്രശംസ ടെസ്‌‌‌‌‌ലയുടെ ഈ പുതിയ ഫീച്ചറിന്, വീഡിയോ പങ്കുവച്ച് മസ്ക്

Thursday 13 November 2025 11:34 AM IST

ടെസ്‌‌ലയുടെ അഡ്വാൻസ് ഡ്രൈവർ സംവിധാനത്തിലൂടെ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഡ്രൈവറുടെ ദൃശ്യങ്ങൾ പങ്കുവച്ച് ഇലോൺ മസ്ക്. കാറിന്റെ ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് സംവിധാനത്തിലൂടെ (എഫ്എസ്ഡി) യുവാവ് രക്ഷപ്പെട്ട വീഡിയോയാണ് മസ്ക് സോഷ്യൽ മീഡിയിയിലൂടെ പങ്കിട്ടത്.

ക്ലിഫോർഡ് എന്ന ഉപയോക്താവ് എക്സിൽ പങ്കുവച്ച വീഡിയോയാണ് മസ്ക് റീഷെയർ ചെയ്തത്. ടെസ്‌ല ഷെയർഹോൾഡേഴ്‌സ് യോഗത്തിൽ പങ്കെടുത്ത ശേഷം ന്യൂ മെക്സിക്കോ വഴി യാത്ര ചെയ്യുകയായിരുന്നു ക്ലിഫോർഡ്. അപ്രതീക്ഷിതമായി എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാനുള്ള സാദ്ധ്യതയാണ് ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് സംവിധാനത്തിലൂടെ രക്ഷയായത്.

എന്താണ് ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് സംവിധാനം

ക്യാമറകൾ, ന്യൂറൽ നെറ്റ്‌വർക്കുകൾ, നിർമ്മിത ബുദ്ധി എന്നിവ ഉപയോഗിച്ച് സ്റ്റിയറിംഗ്, ആക്‌സിലറേഷൻ, ബ്രേക്കിംഗ് എന്നിവ കൈകാര്യം ചെയ്യുന്ന ടെസ്‌ലയുടെ അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനമാണ് ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് സംവിധാനം. നാവിഗേഷൻ, സ്റ്റിയറിംഗ്, ലെയിനുകൾ മാറുന്നത്, പാർക്കിംഗ് തുടങ്ങിയ ഡ്രൈവിംഗ് ജോലികൾ ഈ സാങ്കേതിക വിദ്യയിലൂടെ കൃത്യതയോടെ ചെയ്യാൻ സാധിക്കുന്നു. നിലവിൽ യുഎസ്, കാനഡ, ചൈന, മെക്സിക്കോ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് സേവനം ലഭിക്കുന്നത്. അതേസമയം,ഇത്തരം ഫീച്ചറുകൾ ഉപയോഗിക്കുമ്പോഴും ഡ്രൈവർ ശ്രദ്ധ കൊടുക്കണം. കാർ പൂർണ്ണമായും തനിയെ ഓടിക്കുന്നില്ലെന്ന് കമ്പനി പ്രത്യേകം ഓർമ്മിപ്പിക്കുന്നുണ്ട്.