ലക്ഷ്യമിട്ടത് പുൽവാമ മോഡൽ ഭീകരാക്രമണം, എല്ലാം തകർത്തത് സംഘത്തിലെ ഒരാളുടെ അറസ്റ്റ്

Thursday 13 November 2025 1:45 PM IST

ന്യൂഡൽഹി: കാശ്മീരിൽ പുൽവാമ മോഡൽ ആക്രമണം നടത്താനായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് അറിയിച്ച് ഇന്റലിജൻസ് വൃത്തങ്ങൾ. ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനം ഭീകരരുടെ അവസാന ശ്രമമെന്നും അവ‌ർ പറയുന്നു. ഭീകരരുടെ സംഘത്തിലെ ഒരാളുടെ അറസ്റ്റാണ് പദ്ധതികൾ തകരാൻ കാരണം. ഇതോടെയാണ് മറ്റ് മാർഗമില്ലാതെ രാജ്യ തലസ്ഥാനത്തെ ലക്ഷ്യം വച്ചതെന്നാണ് രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

തിങ്കളാഴ്ച വൈകുന്നേരമാണ് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ച് 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഉമർ നബി (ബോംബർ), മൗലവി ഇർഫാൻ (പുരോഹിതൻ), ഡോക്ടർമാരായ ആദിൽ റാതർ, മുസമ്മിൽ ഷക്കീൽ, ഒരു സ്ത്രീ എന്നിവരാണ് സ്ഫോടനത്തിന് പിന്നിലെ സംഘത്തിൽ ഉണ്ടായിരുന്നത്. സ്ഫോടനം നടത്തിയ കാർ ഓടിച്ചത് ഡോ. ഉമർ ആണെന്നാണ് സംശയം. സ്ഫോടനത്തിൽ ഇയാൾ മരിച്ചിരുന്നു.

മുസമ്മിലിന്റെ കാമുകി കൂടിയായ സ്ത്രീയാണ് സാമ്പത്തിക സഹായം നൽകിയത്. അഫ്ഗാനിലേക്ക് കടന്ന ആദിലിന്റെ സഹോദരൻ മുസഫർ സ്ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങിയ ആമിർ എന്നിവർക്കും ബോംബാക്രമണത്തിൽ പങ്കുണ്ട്. ഉകാസ, ഹാഷിം എന്നിവരുൾപ്പെടെ മൂന്ന് പേർ സംഘത്തിനുണ്ടായിരുന്നവെന്നാണ് വിവരം. ഉകാസയും പേര് വെളിപ്പെടുത്താത്ത മറ്റൊരാളും കാശ്മീരികളാണെങ്കിലും അഫ്ഗാനിസ്ഥാനിലാണ് കഴിയുന്നതെന്ന് പറയുന്നു. ഹാഷിം പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ഉണ്ടെന്നും സൂചനയുണ്ട്.

2022ൽ മുസമ്മിൽ, മുസഫർ, ഉമർ എന്നിവർ തുർക്കിയിൽ പോയപ്പോൾ ഉകാസയാണ് താമസസൗകര്യം ഒരുക്കിയത്. അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ ഇവർ ശ്രമിച്ചെങ്കിലും നടന്നില്ല. സിറിയൻ അഭയാർത്ഥിയായ ഒരാളും ഇവരുമായി ബന്ധപ്പെട്ടിരുന്നു. പുരോഹിതന്റെ ഫോൺ കോളുകൾ കഴിഞ്ഞ രണ്ട് മാസമായി അഫ്ഗാനിസ്ഥാനുമായി ബന്ധമുണ്ടെന്ന് ഫോൺ ഡാറ്റ പരിശോധിച്ചപ്പോൾ കണ്ടെത്തിയിട്ടുണ്ട്. മുസഫറിന്റെ ഫോൺ ഡാറ്റ പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ബന്ധങ്ങളുണ്ടെന്നാണ് തെളിയിക്കുന്നത്.

സ്ഫോടക വസ്തുക്കൾ നിറച്ച കാറും ഇന്ധനവും ഉപയോഗിച്ച് കാശ്മീരിൽ നടന്ന പുൽവാമ മോഡൽ ആക്രമണം നടത്താനായിരുന്നു ഇവർ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പ്രധാന കണ്ണികളിലൊരാളായ മുസമ്മിലിന്റെ അറസ്റ്റ് പദ്ധതി തകർത്തു. ഇതോടെ, തിരക്കിട്ട് ഉമർ റെഡ് ഫോർട്ട് ലക്ഷ്യമിട്ട് സ്ഫോടനം നടത്തുകയായിരുന്നു.

ഡൽഹി ആക്രമണത്തിന് തൊട്ട് മുൻപ് തന്നെ, ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയിരുന്നു. ഇതോടെ, വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന വൈറ്റ് കോളർ ഭീകര ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തായി. ഇതിനെത്തുടർന്ന് രണ്ട് ഡോക്ടർമാർ അടക്കം ഏഴ് പേർ അറസ്റ്റിലായിരുന്നു. ഉത്തർപ്രദേശ്, ഇൻഡോർ, കാശ്മീർ എന്നിവിടങ്ങളിൽ നിന്നും കൂടുതൽ അറസ്റ്റുകൾ നടന്നു. എങ്കിലും, ഇത്രയും വലിയ ആക്രമണങ്ങൾ നടത്താൻ സംഘം മാനസികമായി തയ്യാറായിരുന്നില്ലെന്നും, അവർക്ക് താങ്ങാൻ കഴിയുന്നതിലും വലുതായിരുന്നു അവരുടെ ലക്ഷ്യങ്ങളെന്നും ഇന്റലിജൻസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.