പശുവിനെ കശാപ്പ് ചെയ്‌തു, ഗുജറാത്തിൽ മൂന്നുപേർക്ക് ജീവപര്യന്തം കഠിനതടവ്

Friday 14 November 2025 1:00 AM IST

ന്യൂഡൽഹി: പശുവിനെ കശാപ്പ് ചെയ്‌തെന്ന കേസിൽ ഗുജറാത്തിൽ മൂന്നുപേർക്ക് ജീവപര്യന്തം കഠിനതടവ്. പ്രതികൾ 18 ലക്ഷത്തോളം രൂപ പിഴയും അടയ്‌ക്കണം. അംറേലിയിലെ സെഷൻസ് കോടതിയുടേതാണ് വിധി. ഗോവധ നിരോധനം പ്രാബല്യത്തിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ഹിന്ദു വിശ്വാസ പ്രകാരം പശു പുണ്യമൃഗമാണെന്ന് അറിയാവുന്ന പ്രതികൾ മനപ്പൂർവം കശാപ്പ് ചെയ്‌തുവെന്ന് സെഷൻസ് ജ‌ഡ്‌ജി റിസ്‌വാന ബുഖാരി നിരീക്ഷിച്ചു. പ്രതികളായ കാസിം സോളങ്കി, സത്താർ സോളങ്കി, അക്രം സോളങ്കി എന്നിവർ കുറ്രം ചെയ്‌തുവെന്ന് കണ്ടെത്തി. ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകളാണ് മൂന്നു പേർക്കുമെതിരെ ചുമത്തിയിരുന്നത്. ഇതാദ്യമായാണ് ഗുജറാത്തിൽ പശുവിനെ കശാപ്പു ചെയ്‌തതിന് ഒറ്റക്കേസിൽ മൂന്നുപേരെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കുന്നത്. 2023 നവംബറിൽ അംറേലി ടൗണിലായിരുന്നു സംഭവം. പൊലീസ് കോൺസ്റ്റബിൾ വൻരാജ് മൻജാരിയയാണ് പരാതിക്കാരൻ. തന്റെ മതവിശ്വാസം വ്രണപ്പെട്ടുവെന്നാണ് പരാതിയിൽ വൻരാജ് ചൂണ്ടിക്കാട്ടിയത്. പിന്നാലെ നടന്ന റെയ്ഡിൽ 40 കിലോയിൽപ്പരം പശു മാംസവും കത്തികളും ത്രാസും വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.

നാഴികക്കല്ലെന്ന്

സർക്കാർ

വിധി സുപ്രധാന നാഴികക്കല്ലാണെന്ന് ഗുജറാത്ത് സർക്കാർ പ്രതികരിച്ചു. പശുവിനെ സംരക്ഷിക്കാനാണ് 2017ൽ പ്രത്യേക നിയമം കൊണ്ടുവന്നതെന്നും വ്യക്തമാക്കി.