റഫർ പ്രോട്ടോക്കോൾ കർശനമാക്കണം

Friday 14 November 2025 2:38 AM IST

എത്ര മികച്ച ചികിത്സ ലഭ്യമാകുന്ന ആശുപത്രിയായാലും അവിടെ പ്രവേശിപ്പിക്കാനാവുന്നതിലും അധികം രോഗികളെത്തിയാൽ പ്രവർത്തനം താറുമാറാകും. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികൾ സാധാരണക്കാരായ രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങൾ തന്നെയാണ്. അനുഭവസമ്പന്നരും വിദഗ്ദ്ധരുമായ ഇത്രയധികം ഡോക്ടർമാർ ഒരുമിച്ച് ജോലി ചെയ്യുന്ന മറ്റ് ആശുപത്രികൾ ഇല്ലെന്നുതന്നെ പറയാം. എന്നാൽ ഇവിടങ്ങളിലെ സേവനത്തെക്കുറിച്ച് ആരും വേണ്ടത്ര മതിപ്പോടെ സംസാരിക്കാത്തതിന് പ്രധാന കാരണം,​ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയുടെ ബാഹുല്യമാണ്. അറുപത് കിടക്കകളുള്ള വാർഡിൽ മൂന്നും നാലും ഇരട്ടി രോഗികളെ അഡ്‌മിറ്റ് ചെയ്‌താൽ ഭൂരിപക്ഷം പേർക്കും തറയിൽ കിടക്കേണ്ടിവരും. മാത്രമല്ല ചികിത്സാസംഘം ഒരു രോഗിയുടെ അടുത്ത് കുറഞ്ഞത് പത്തുമിനിട്ടെങ്കിലും ചെലവഴിച്ചെങ്കിലേ വിശദ പരിശോധനയും രോഗനിർണയവും അവലംബിക്കേണ്ട ചികിത്സാ രീതിയുമൊക്കെ തീരുമാനിക്കാനാവൂ.

എന്നാൽ,​ നിലവിൽ മെഡിക്കൽ കോളേജുകളിലെ വാർഡിൽ ഡോക്ടർമാരുടെ സംഘം ഒരു ഓട്ടപ്രദക്ഷിണമാണ് നടത്തുന്നത്. എന്നിട്ടുപോലും എല്ലാ രോഗികളുടെയും അടുത്ത് ചെന്നെത്താൻ അവർക്ക് കഴിയുന്നില്ല. ഇതിനിടയിൽ ആരോഗ്യവകുപ്പിൽ നിന്നോ മന്ത്രിയുടെ ഓഫീസിൽ നിന്നോ ജനപ്രതിനിധികളിൽ നിന്നോ ശുപാർശയുള്ള രോഗികൾക്ക് പ്രത്യേക പരിഗണന അധികൃതർ നൽകും. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ എണ്ണം നിയന്ത്രിക്കാതെ അവിടത്തെ പരിതാപകരമായ സാഹചര്യം ആർക്കും മാറ്റാൻ കഴിയില്ല. ജില്ലകളിലെ മറ്റ് പ്രധാന ആശുപത്രികളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലയും സൗകര്യവും ചികിത്സയും വിപുലപ്പെടുത്താൻ സർക്കാർ നടപടിയെടുത്തതു തന്നെ മെഡിക്കൽ കോളേജിലേക്കുള്ള രോഗികളുടെ വരവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

എന്നാൽ, ജില്ലാ, താലൂക്ക് ആശുപത്രികളുടെ സൗകര്യം മെച്ചപ്പെടുത്തിയിട്ടും മെഡിക്കൽ കോളേജിലേക്കുള്ള രോഗികളുടെ എണ്ണം കൂടുകയാണ് ചെയ്തത്. ഇതിന് പ്രധാന കാരണങ്ങളിലൊന്ന് താഴ്‌ന്ന തട്ടിലുള്ള ആശുപത്രികൾ,​ നിസാര രോഗങ്ങളുമായി വരുന്നവരെപ്പോലും ഒരു മാനദണ്ഡവും പാലിക്കാതെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നതാണ്. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള കൈയേറ്റവും സംഘർഷവുമൊക്കെ ഇടക്കാലത്ത് കൂടിവന്നപ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിച്ച് ഈ ആശുപത്രികളിലെ ഡോക്ടർമാർ രോഗികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നത് ഒരു എളുപ്പവഴിയായും സ്വീകരിച്ചു. വൈകിയാണെങ്കിലും ഈ പ്രശ്നം പരിഹരിക്കാൻ ആരോഗ്യവകുപ്പ് മുതിർന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രോഗികൾക്ക് തൊട്ടടുത്തുള്ള ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുള്ള പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നു. താഴേത്തട്ടിലെ ആശുപത്രിയിൽ സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ, രോഗികളെ അനാവശ്യമായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാൻ പാടില്ലെന്ന നിർദ്ദേശം അടങ്ങിയതാണ് പ്രോട്ടോക്കോൾ.

ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ് തുടങ്ങിയ അഞ്ച് സ്‌പെഷ്യാലിറ്റികൾക്കുള്ള പ്രോട്ടോക്കോളാണ് ആദ്യഘട്ടമായി പുറത്തിറക്കിയത്. മറ്റ് സ്പെഷ്യാലിറ്റികളുടെ പ്രോട്ടോക്കോൾ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. വിവിധ ആശുപത്രികളെ അവിടെ ലഭ്യമായ ചികിത്സാ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ച് ഓരോ കാറ്റഗറി സ്ഥാപനത്തിലും എന്തൊക്കെ സൗകര്യങ്ങളുണ്ടാകണമെന്നും,​ എന്തെല്ലാം ചികിത്സകൾ നൽകണമെന്നും പ്രോട്ടോക്കോളിൽ പറയുന്നു. ചികിത്സയിലുള്ള രോഗിയിൽ എന്ത് അപായസൂചന കണ്ടാലാണ് റഫർ ചെയ്യേണ്ടതെന്നും ഏത് ആശുപത്രിയിലേക്കാണ് ആദ്യം റഫർ ചെയ്യേണ്ടതെന്നും അതിലുണ്ട്. ഇത് കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തിയാൽ മെഡിക്കൽ കോളേജിലെ രോഗികളുടെ ബാഹുല്യം വലിയ പരിധി വരെ കുറയ്ക്കാനാവും.