മൂര്‍ഖനും അണലിയും ലിസ്റ്റില്‍ ഇല്ല; ഉള്ളത് 80ല്‍ അധികം ഇനം വേറെ പാമ്പുകള്‍; അപകടസാദ്ധ്യത ഇങ്ങനെ

Thursday 13 November 2025 7:50 PM IST

പാമ്പുകളെപ്പോലെ മനുഷ്യന് ഭീഷണിയുയര്‍ത്തുന്ന മറ്റൊരു ജീവി വേറെയില്ലെന്ന് തന്നെ പറയാം. നമ്മുടെ നാട്ടില്‍ പോലും നിരവധി മരണങ്ങള്‍ക്ക് കാരണമാകുന്നത് പാമ്പുകടികളാണ്. എന്നാല്‍ പാമ്പുകള്‍ ഒരു ഭീഷണിയേ അല്ലാത്ത ചില നാടുകളും ലോകത്തുണ്ട്. അവിടെ പാമ്പുകള്‍ ഇല്ലാത്തതുകൊണ്ടല്ല അപകട സാദ്ധ്യത ഇല്ലെന്ന് പറയുന്നത്. 80ല്‍ അധികം പാമ്പുകളുടെ നാടായ മഡഗാസ്‌കറിനെക്കുറിച്ചാണ് പറയുന്നത്.

ഇത്രയും അധികം ഇനം പാമ്പുകള്‍ വസിക്കുന്നുവെങ്കിലും ഇവയൊന്നും മനുഷ്യര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്നതാണ് മഡഗാസ്‌കറിലെ പ്രത്യേകത. നമ്മുടെ നാട്ടില്‍ കാണുന്നത് പോലെയുള്ള അണലി, മൂര്‍ഖന്‍ തുടങ്ങിയ ഇനത്തിലുള്ള പാമ്പുകള്‍ പക്ഷേ ഈ രാജ്യത്തില്ല. നമ്മുടെ നാട്ടിലെ മലമ്പാമ്പുകളോട് സാമ്യമുള്ള ബോവ, കോളുബ്രിഡ് എന്നീ രണ്ട് വിഭാഗങ്ങളില്‍പ്പെട്ടവയാണ് ഈ രാജ്യത്ത് അധികവും കാണപ്പെടുന്നത്.

വിഷപാമ്പുകളും ഇക്കൂട്ടത്തിലുണ്ടെങ്കിലും ഇവ മനുഷ്യന് അത്ര എളുപ്പത്തില്‍ ഭീഷണി ഉയര്‍ത്തുന്നവയല്ല. വായുടെ നന്നേ ഉള്‍വശത്താണ് ഇവയുടെ വിഷപ്പല്ലുകള്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവ കടിച്ച ശേഷം ദീര്‍ഘനേരം അങ്ങനെ കടിച്ച് പിടിച്ചാല്‍ മാത്രമേ വിഷം മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുകയുള്ളൂ. അതുകൊണ്ടാണ് അപകടസാദ്ധ്യത കരയിലുള്ള പാമ്പുകള്‍ കടിച്ചാല്‍ പോലും കുറവാണെന്ന് പറയുന്നത്.

ഇങ്ങനെയുള്ള കടികള്‍ വേദന, നീര്‍വീക്കം, താല്‍ക്കാലികമായ തളര്‍ച്ച എന്നിവയ്ക്ക് കാരണമാകാം. എന്നാല്‍ ജീവഹാനിയുണ്ടാക്കുന്നത് അപൂര്‍വമാണ്. മഡഗാസ്‌കറിലെ കരപ്പാമ്പുകള്‍ക്ക് കടുത്ത വിഷമില്ലെങ്കിലും, ഇവിടുത്തെ കടലില്‍ രണ്ടിനം കടല്‍പ്പാമ്പുകളുണ്ട്. ഇവയ്ക്ക് അതിമാരക വിഷമുണ്ട്. പക്ഷേ ആക്രമണകാരികളല്ലാത്തതിനാല്‍ മനുഷ്യര്‍ക്ക് ഈ പാമ്പുകളും ഭീഷണിയല്ല. ചെറുമത്സ്യങ്ങളെയാണ് ഇവ പ്രധാനമായും ഭക്ഷണമാക്കുന്നത്.