വൃദ്ധയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ

Friday 14 November 2025 1:50 AM IST

അങ്കമാലി: വെള്ളംചോദിച്ചെത്തി വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. കിടങ്ങൂർ ഗാന്ധിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന മറ്റൂർ കോളേജിന് സമീപം പയ്യപ്പിള്ളി വീട്ടിൽ മനുവിനെയാണ് (30) അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്. പുളിയനം ഹൈസ്കൂളിന് സമീപമുള്ള വൃദ്ധയുടെ ഒന്നരപ്പവന്റെ മാലയാണ് പൊട്ടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തി വീടിന്റെ മുറ്റത്തുവച്ച് വെള്ളം ചോദിക്കുകയും വെള്ളം എടുക്കാൻ തിരിഞ്ഞ സമയം മാലപൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു.

ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പൊട്ടിച്ചമാല വില്പന നടത്തിയ കാലടിയിലെ ജുവലറിയിൽനിന്ന് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ അങ്കമാലി ഇൻസ്പെക്ടർ എ. രമേഷ്, എസ്.ഐമാരായ കെ. പ്രദീപ്കുമാർ, അസരീഫ് ഷെഫീക്ക്, അജിത്ത് കുമാർ, സി.പി.ഒമാരായ അജിത തിലകൻ, രഞ്ജിത്ത്, സോളമൻ, അജ്മൽ എന്നിവർ ഉണ്ടായിരുന്നു.