വിജയ് സേതുപതിയുടെ നായിക ലിജോ മോൾ

Friday 14 November 2025 3:31 AM IST

വിജയ് സേതുപതിയുടെ നായികയായി ലിജോ മോൾ. ഇതാദ്യമായി വിജയ് സേതുപതിയും ലിജോമോളും ഒരുമിക്കുന്ന ചിത്രം ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം അടുത്ത ദിവസം ആരംഭിക്കും. സംവിധായകൻ അറ്റ്‌ലിയുടെ നിർമ്മാണ കമ്പനിയായ എ ഫോർ ആപ്പിൾ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഇതു മൂന്നാം തവണയാണ് വിജയ് സേതുപതിയും ബാലാജി തരണീധരനും ഒരുമിക്കുന്നത്. നടുവില കൊഞ്ചം പക്കത കാണോം, സീത കാത്തി എന്നീ ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്. ജയ് ഭീം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ലിജോമോൾ തമിഴിൽ വീണ്ടും ശക്‌തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹൊററിനും ഇമോഷനും പ്രാധാന്യം നൽകിയുള്ളതാണ് വിജയ് സേതുപതി - ബാലാജി തരണീധരൻ ചിത്രം. മിഷ്‌കിൻ സംവിധാനം ചെയ്ത ട്രെയിൻ ആണ് റിലീസിന് ഒരുങ്ങുന്ന വിജയ് സേതുപതി ചിത്രം. നവംബർ റിലീസ് നിശ്ചയിച്ച ചിത്രം ഡിസംബറിലേക്ക് നീട്ടി. അതേസമയം നിവിൻപോളി നായകനായ ബേബി ഗേൾ, കുഞ്ചാക്കോ ബോബൻ നായകനായി നവാഗതനായ കിരൺദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ലിജോ മോൾ ആണ് നായിക.കിരൺദാസ് സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് പുരോഗമിക്കുന്നു. സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ചിത്രം .