ഇതാണ് രാജമൗലിയുടെ മന്ദാകിനി, കാണുന്നതിനുമപ്പുറം എന്ന് പ്രിയങ്ക ചോപ്ര
മഹേഷ് ബാബു നായകനായി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രത്തിലെ പ്രിയങ്ക ചോപ്രയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മഞ്ഞസാരി ധരിച്ച് കൈയിൽ തോക്കും ഏന്തി സ്റ്റൈലിഷ് ലുക്കിൽ മന്ദാകിനി എന്ന കഥാപാത്രമായി പോസ്റ്ററിൽ പ്രിയങ്ക ചോപ്രയെ കാണാം.
ഏറെക്കാലത്തിന് ശേഷം പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഇന്ത്യൻ ഭാഷ സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. 2019 ൽ ആണ് പ്രിയങ്ക ചോപ്ര അവസാനമായി ഒരു ഇന്ത്യൻ ഭാഷ ചിത്രത്തിൽ അഭിനയിച്ചത്. ഇന്ത്യൻ സിനിമയിലേക്ക് പ്രിയങ്കയെ തിരികെ സ്വാഗതം ചെയ്തുകൊണ്ടാണ് രാജമൗലി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ആഗോളതലത്തിൽ ഇന്ത്യൻ സിനിമയെ പുനർനിർവഹിച്ച വനിത. തിരികെ സ്വാഗതം, ദേസി ഗേൾ മന്ദാകിനിയായുള്ള നിങ്ങളുടെ വേഷപ്പകർച്ച കാണാൻ അക്ഷമനായി കാത്തിരിക്കുന്നു എന്നാണ് രാജമൗലി കുറിച്ചത്. കാണുന്നതിനുഅപ്പുറം ആണ് മന്ദാകിനി എന്ന് പ്രിയങ്കയും കുറിച്ചു . പൃഥ്വിരാജ് അവതരിപ്പിക്കുന്ന കുംഭ എന്ന വില്ലൻ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞദിവസം പുറത്തിറങ്ങി. എം.എം. കീരവാണി ആണ് സംഗീതം.
ശ്രുതി ഹാസൻ പാടിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. എസ്. എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്രപ്രസാദ് ആണ് തിരക്കഥ.