കൊടിനടയിൽ വീണ്ടും അഴിയാക്കുരുക്ക് സിഗ്നൽ സംവിധാനം തകരാറിൽ
ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം കൊടിനട ജംഗ്ഷൻ വീണ്ടും അഴിയാക്കുരുക്കിലേക്ക്. പാതവികസനം വീണ്ടും അനിശ്ചിതത്വത്തിലായതോടെ കൊടിനട ജംഗ്ഷൻ ഗതാഗത പ്രതിസന്ധിയാൽ വീർപ്പുമുട്ടുകയാണ്. കൊടിനട ജംഗ്ഷനിൽ ഹോംഗാർഡുകളുടെ സേവനമില്ലാത്തതും വെല്ലുവിളിയാണ്. വൈകിട്ട് 6കഴിഞ്ഞാൽ കൊടിനട ഗതാഗതക്കുരുക്കിലമരും.
ഈ ഭാഗത്ത് സിഗ്നൽ സംവിധാനമില്ലാത്തതിനാൽ നാലുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കുരുക്കിൽപ്പെടുന്നത് പതിവാണ്. മുടവൂർപ്പാറ സിഗ്നൽ കഴിഞ്ഞാൽ വഴിമുക്ക് വരെ കടന്നുചെല്ലാൻ മുക്കാൽ മണിക്കൂറോളം വേണ്ടിവരും. പാതവികസനം വഴിമുട്ടിയ സാഹചര്യത്തിൽ കൊടിനടയിൽ സിഗ്നൽ സ്ഥാപിക്കണമെന്ന് വിവിധ സംഘടനകൾ മുറവിളി കൂട്ടിയെങ്കിലും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.
തദ്ദേശ ക്യാമ്പെയിൻ സജീവമാകുമ്പോൾ പ്രധാനയോഗങ്ങളും ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നതും പ്രധാന കവലയായ കൊടിനടയിലാണ്.ബാലരാമപുരം മാർക്കറ്റിലേക്കും വടക്കേവിള താന്നിവിള ഭാഗത്തേക്കും കൊടിനട വഴിയാണ് പോകുന്നത്.
അപകട കേന്ദമായി കൊടിനട
കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായി അഞ്ചോളം അപകടങ്ങളാണ് കൊടിനട ഭാഗത്ത് നടന്നത്. ദിവസങ്ങൾക്ക് മുമ്പ് ബാലരാമപുരത്ത് പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റിരുന്നു. നാട്ടുകാരും പൊലീസുമാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. രണ്ടാഴ്ച്മുമ്പ് കൊടിനട വളവിൽ ബൈക്ക് യാത്രികന് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. അപകടത്തിൽ ശാലിഗോത്ര തെരുവിൽ നാഗരാജന്റെ മകൻ ശരണിന്(22) പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അനധികൃത പാർക്കിംഗ്
അനധികൃത വാഹനപാർക്കിംഗും പൊലീസിന് തലവേദനയാവുകയാണ്. കൊടിനട കച്ചേരിക്കുളത്ത് പഞ്ചായത്ത് പാർക്കിംഗ് ഏരിയ അനുവദിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാറില്ല. കൊടിനട-വടക്കേവിള ഭാഗത്തെ ഓട്ടോ,ടാക്സി പാർക്കിംഗും പ്രശ്നമാണ്. ഇക്കാരണത്താൽ ഗതാഗതക്കുരുക്കും പതിവാണ്. വൈകിട്ട് 5മുതൽ 7 വരെയെങ്കിലും കൊടിനടയിൽ ഗതാഗതം നിയന്ത്രിക്കാൻ ഹോംഗാർഡുകളെ നിയോഗിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കരമന-കളിയിക്കാവിള ദേശീയപാതയിൽ സിഗ്നൽ സംവിധാനം തകരാറിലായതോടെ പള്ളിച്ചൽ ജംഗ്ഷനിൽ അപകടം വർദ്ധിക്കുകയാണ്. വഴിവിളക്കുകളും പ്രകാശിക്കുന്നില്ല.പള്ളിച്ചൽ ജംഗ്ഷനിലെ സിഗ്നൽ സംവിധാനത്തിൽ മഞ്ഞ ലൈറ്റ് കഴിഞ്ഞ മൂന്നാഴ്ച്ചയായി അണയാതെ കിടക്കുകയാണ്. ദേശീയപാതയിൽ സിഗ്നൽ സംവിധാനത്തിന്റെ തകരാർ പരിഹരിക്കുന്നത് കെൽട്രോണാണ്. എന്നാൽ കരാർ കാലാവധി തീർന്നതോടെ കെൽട്രോൺ അധികൃതർ പിൻവാങ്ങി. ഇതേതുടർന്ന് പള്ളിച്ചൽ ജംഗ്ഷനിൽ ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. ആഴ്ച്ചകൾക്ക് മുമ്പ് പള്ളിച്ചൽ ജംഗ്ഷനിൽ വഴിയാത്രക്കാരായ അമ്മയ്ക്കും മകൾക്കും ഓട്ടോ തട്ടി നിസാര പരിക്കേറ്റിരുന്നു.