കാസർകോട് ജില്ലാപഞ്ചായത്തിൽ സി.പി.എം സ്ഥാനാർത്ഥികളായി; സാബു അബ്രഹാം കുറ്റിക്കോലിൽ; ചിറ്റാരിക്കാലിൽ സ്ഥാനാർത്ഥി പിന്നീട്

Thursday 13 November 2025 9:32 PM IST

കാസർകോട്: ജില്ലാ പഞ്ചായത്തിൽ സി.പി.എം മത്സരിക്കുന്ന ഒൻപതിടത്തെ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. ചിറ്രാരിക്കാൽ ഡിവിഷനിലെ പ്രഖ്യാപനം പിന്നീട് നടക്കും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കണക്കാക്കി പാർട്ടി ജില്ലാസെക്രട്ടറിയേറ്റംഗവും സി.ഐ.ടി.യു ജില്ലാജനറൽസെക്രട്ടറിയും കേരള ബാങ്ക് ഡയറക്ടറുമായ സാബു എബ്രാഹാം കുറ്റിക്കോൽ ഡിവിഷനിൽ നിന്ന് ജനവിധി തേടും.

കള്ളാർ ലോക്കൽസെക്രട്ടറിയും എ.കെ.എസ് സംസ്ഥാന ട്രഷററുമായ ഒക്ളാവ് കൃഷ്ണൻ കയ്യൂർ സംവരണഡിവിഷനിൽ നിന്ന് ജനവിധി തേടും. സി.പി.എം ജില്ലാകമ്മിറ്റിയംഗം മുഹമ്മദ് ഹനിഫ് (പുത്തിഗെ), എസ്.എഫ്.ഐ മുൻ കേന്ദ്രകമ്മിറ്റിയംഗം ഡോ.സെറീന സലാം (ചെറുവത്തൂർ), മുൻ അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പാർട്ടി ഏരിയാകമ്മിറ്റിയംഗവുമായ കെ.സബീഷ് (മടിക്കൈ), സി.പി.എം കുമ്പള ലോക്കൽ സെക്രട്ടറി കെ.ബി യൂസഫ് (കുമ്പള), മുൻ കാറഡുക്ക ബ്ളോക്ക് പഞ്ചായത്തംഗം ഒ.വത്സല(ദേലമ്പാടി), സി.പി.എം സ്വതന്ത്രയായി സഹർബാനു സാഗർ (ചെങ്കള), മുൻ പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം ടി.വി.രാധിക(ബേക്കൽ) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.

മുഴുവനും പുതുമുഖങ്ങൾ

സ്ഥാനാർത്ഥി പട്ടികയിൽ മുഴുവൻ പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണപരിചയവും സംഘടനാ പ്രവർത്തനപാരമ്പര്യവും യുവത്വത്തിന്റെ ഊർജ്ജവുമാണ് പട്ടികയുടെ പ്രത്യേകതയെന്ന് ജില്ലാസെക്രട്ടറി എം.രാജഗോപാലൻ എം.എൽ.എ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ കെ.പി.സതീഷ്ചന്ദ്രൻ, സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ എന്നിവർ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.