കാസർകോട്ട് എൽ.ഡി.എഫ് സീറ്റ്‌ വിഭജനം പൂർത്തിയായി

Thursday 13 November 2025 9:33 PM IST

കാസർകോട്: കാസർകോട്‌ ജില്ലയിൽ എൽ.ഡി.എഫ്‌ ഘടക കക്ഷികളുടെ സീറ്റ്‌ വിഭജനം പൂർത്തിയാക്കിയതായി ജില്ലാ കൺവീനർ കെ.പി സതീഷ് ചന്ദ്രൻ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാപഞ്ചായത്തിലെ 18 ഡിവിഷനുകളിൽ സി.പി.എം പത്തിടത്തും സി.പി.ഐ മൂന്നിടത്തും ഐ.എൻ.എൽ രണ്ടും ഡിവിഷനുകളിൽ മത്സരിക്കും. കേരള കോൺഗ്രസ് (എം), ആർ.ജെ.ഡി, എൻ.സി.പി എസ് എന്നിവർക്ക് ഓരോ ഡിവിഷനുകളും നൽകിയിട്ടുണ്ട്.

ചെറുവത്തൂർ, കയ്യൂർ, മടിക്കൈ, ബേക്കൽ, കുറ്റിക്കോൽ, കുമ്പള, പുത്തിഗെ, ചെങ്കള, ദേലമ്പാടി എന്നിവിടങ്ങളിൽ സി.പി.എം മത്സരിക്കും. പെരിയ, കുഞ്ചത്തൂർ, ബദിയടുക്ക എന്നിവിടങ്ങളിൽ സി.പി.ഐയും കള്ളാറിൽ കേരള കോൺഗ്രസും പിലിക്കോട് ഡിവിഷനിൽ ആർ.ജെ.ഡിയും മഞ്ചേശ്വരത്ത് എൻ.സി.പി എസും മത്സരിക്കും.ഉദുമ, സിവിൽ സ്റ്റേഷൻ എന്നീ രണ്ട്‌ ഡിവിഷനുകളിൽ ഐ.എൻ.എല്ലിനും നൽകി.

ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക് പഞ്ചായത്ത്‌, മുനിസിപ്പൽ തലങ്ങളിലെ വാർഡ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥികളെ നിശ്ചയിച്ചു കഴിഞ്ഞതായും എൽ.ഡി.എഫ് അറിയിച്ചു.