കണ്ണൂർ നഗരത്തിലുണ്ട് വോട്ടില്ലാത്ത വോട്ടർമാർ
കണ്ണൂർ: ലോക് സഭയിലേക്കും നിയമസഭയിലേക്കും വോട്ട് ചെയ്യുമെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടില്ലാത്ത ഒരു സമൂഹമുണ്ട് കണ്ണൂർ നഗരത്തിൽ. കണ്ണൂർ കോർപറേഷനിൽ തിരഞ്ഞെടുപ്പ് പൊടിപൊടിക്കുമ്പോഴാണ് ഇതിനോട് ചേർന്ന കന്റോൺമെന്റ് എരിയയിലെ അയ്യായിരത്തോളം വരുന്ന വോട്ടർമാർക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ റോളില്ലാത്തത്. ഇവരിൽ രണ്ടായിരത്തോളം പേർ മലയാളികളുമാണ്.
കണ്ണൂർ നഗരത്തിന്റെ മധ്യഭാഗത്ത് പ്രശസ്തമായ സെന്റ് ആഞ്ചലോസ് കോട്ടയും പയ്യാമ്പലം ബീച്ചിന്റെ മനോഹരമായ പ്രദേശവും ഉൾപ്പെടുന്ന സ്ഥലത്താണ് കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലുള്ള പ്രത്യേക സൈനികമേഖല.
1938 ജനുവരി ഒന്നിന് കണ്ണൂർ നഗരസഭയുടെ ഭാഗമായിരുന്ന ബർണശേരിയെ വേർപെടുത്തിയാണ് കണ്ണൂർ കന്റോൺമെന്റ് രൂപീകരിച്ചത്. സ്വാതന്ത്ര്യാനന്തരം സൈന്യത്തിന്റെ അധീനതയിലായ ഈ പ്രദേശം ഇന്നും പ്രത്യേക ഭരണസംവിധാനത്തിലാണ്. കന്റോൺമെന്റ് ഡിഫൻസ് സെക്യൂരിറ്റി കോർപ്സിന്റെ ആസ്ഥാനം ബർണശേരിയിലാണ്. കണ്ണൂരിന്റെ ഏറ്റവും വിലപിടിപ്പുള്ള ഭൂമികളിൽ ചിലത് ഈ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.
ഇവിടെ വ്യത്യസ്തമാണ് ജനാധിപത്യം തദ്ദേശ തിരഞ്ഞെടുപ്പുകൾ നടക്കുന്നില്ലെങ്കിലും പ്രാദേശിക സ്വയംഭരണാധികാരം ഇവർക്കുമുണ്ട്. അഞ്ച് വർഷം കൂടുമ്പോൾ ഇവിടെയും തെരഞ്ഞെടുപ്പുണ്ട്. ആറ് വാർഡുകളിലായി വിവിധ പാർട്ടികൾ മത്സരത്തിലിറങ്ങുന്നു. എന്നാൽ 12 അംഗ ഭരണസമിതിയിൽ ആറുപേരെ തിരഞ്ഞെടുക്കും. അഞ്ചുപേരെ സൈന്യം നോമിനേറ്റ് ചെയ്യും. ഒരാളെ കളക്ടറും നിയമിക്കും.