കള്ളവോട്ടിട്ടാൽ കൈയോടെ പിടിക്കണം; പ്രശ്ന ബാധിത ബൂത്തുകളിലേക്ക് കൂടുതൽ സേന
455 പ്രശ്ന ബാധിത ബൂത്തുകൾ
കണ്ണൂർ: വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കുന്നതിനായി കൂടുതൽ സേനയെ വിനിയോഗിക്കാൻ ഇന്റലിജൻസ് വിംഗിന്റെ നിർദ്ദേശം. ജില്ലയിൽ 455 പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. കണ്ണൂർ, വടകര, കാസർകോട് മണ്ഡലങ്ങളിൽപ്പെടുന്ന ചില നിയമസഭ മണ്ഡലങ്ങളിലാണ് പ്രശ്ന ബാധിക ബൂത്തുകളുള്ളതായി റിപ്പോർട്ട്.
അതി പ്രശ്ന ബാധിത ബൂത്തുകളിൽ ബാരിക്കേടുൾപ്പെടെ വച്ചായിരിക്കും ഇലക്ഷൻ.ഇതിന് പുറമെ അർദ്ധസൈന്യത്തേയും ബൂത്തുകളിൽ നിയമിക്കും. കള്ളവോട്ടുകളും സംഘർഷങ്ങളും തടയാൻ കൂടുതൽ പൊലീസ് സേനയും വിന്യസിക്കാൻ സാദ്ധ്യതയുണ്ട്. ജില്ലയിൽ മുൻകാല തിരഞ്ഞെടുപ്പുകളിൽ അനിഷ്ട സംഭവങ്ങൾ പതിവാണ്. രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മറ്റ് ജില്ലകളിൽ നിന്നും പൊലീസ് സേനയെ ജില്ലയിൽ വിന്യസിക്കാൻ സാദ്ധ്യതയുള്ളതായാണ് വിവരം. വടകര, പയ്യന്നൂർ, തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളിലെ ബൂത്തുകളിൽ ദ്രുതകർമസേനയെയും സി.ആർ.പി.എഫിനെയും നിയോഗിക്കും. ഒരു സ്ഥാനാർത്ഥിക്ക് തന്നെ ബൂത്തിൽ നിന്നും പോൾ ചെയ്യുന്ന വോട്ടിന്റ ഭൂരിഭാഗത്തിലേറെയും ലഭിക്കുന്ന ബൂത്തുകളും കർശന പരിശോധനയിലായിരിക്കും. കള്ളവോട്ടുകളും സമ്മർദ്ദം ചെലുത്തി വോട്ട് ചെയ്യിപ്പിക്കുന്നതുമായ ബൂത്തുകൾ ജില്ലയിലുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. കൂടാതെ ഈ ബൂത്തുകളിലെല്ലാം പട്രോളിംഗും നടക്കും. വോട്ടെടുപ്പിന്റെ അവസാന സമയങ്ങളിലാണ് മിക്ക ബുത്തുകളിലും കൂട്ടമായി കള്ള വോട്ടുകൾ ചെയ്യുന്നതെന്നും ആ സമയത്ത് കൂടുതൽ പരിശോധനയ്ക്കുള്ള സാധ്യതയുണ്ടെന്നുമാണ് വിവരം. ഒരു പാർട്ടിക്ക് തന്നെ ഭൂരിപക്ഷമുള്ള കേന്ദ്രങ്ങളിലാണ് ഇത്തരം പ്രവണതകൾ നടക്കുന്നതെന്നും വിവരമുണ്ട്.
മാവോയിസ്റ്റ് ഭീഷണി 30 ബൂത്തുകൾക്ക്
ജില്ലയിൽ മാവോയിസ്റ്റ് ഭീഷണിയുള്ള 30 ബൂത്തുകളുള്ളതായും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ആറളം, നിടുമ്പൊയിൽ, പെരിങ്ങോം തുടങ്ങിയ മലയോര മേഖലരളിലാണ് ഇവയുള്ളത്. ഇവിടെയും ശക്തമായ പരിശോധനയുണ്ടാകും. ഇത്തരം പ്രദേശത്ത് പൊലീസിന്റെ പട്രോളിംഗ് ഉൾപ്പെടെ ആരംഭിച്ചു കഴിഞ്ഞു. ഇവിടങ്ങളില ബൂത്തുകളിലും ബൂത്തുകൾക്ക് ചുറ്റും കാമറ നിരീക്ഷണവും ഏർപ്പടുത്തും.
എല്ലാം കാമറ കണ്ണിൽ
എല്ലാ ബൂത്തുകളിലും കൃത്യമായ കാമറ നിരീക്ഷണം ഉറപ്പ് വരുത്തും. കാമറയുടെ പ്രവർത്തനം നിലയ്ക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യും. തദ്ദേശസ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാർ, അക്ഷയ സംരംഭകർ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തിയേക്കും. വെബ്കാമുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ വീഡിയോ ചിത്രീകരണവും നടത്തും. പരീക്ഷണാടിസ്ഥാനത്തിൽ ട്രയൽ റണ്ണുകളും ഉണ്ടാകും.