വീണ്ടും തലപൊക്കി പ്ലാസ്റ്റിക്
കിളിമാനൂർ: പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയതോടെ മുങ്ങിയ പ്ലാസ്റ്റിക്കുകൾ വീണ്ടും പൊങ്ങി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെ തുരത്താൻ നടപടികൾ ശക്തമാക്കുമ്പോഴും വിപണിയിൽ സുലഭമായിരിക്കുകയാണ് പ്ലാസ്റ്റിക്ക് 'സഞ്ചികളും മറ്റും. പല രൂപത്തിലും ഭാവത്തിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലും ലഭ്യമാണ്. തുണിത്തരങ്ങൾ, ചെരിപ്പുകൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയെല്ലാം പൊതിഞ്ഞു നൽകുന്നത് ഇത്തരം കവറുകളിലാണ്. വരും ദിവസങ്ങളിലും ഇത് കൂടുകയേ ഉള്ളൂ. മഴക്കാലമായതോടെ ഓടകളിലും റോഡിലും ഇത്തരം നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ചിന്നിച്ചിതറിക്കിടക്കുകയാണ്. കാതുള്ള പ്ലാസ്റ്റിക് സഞ്ചികൾക്ക് പകരമായി സാധനം പൊതിഞ്ഞുനൽകുന്ന കാതില്ലാത്ത പ്ലാസ്റ്റിക് സഞ്ചികളും വിപണിയിൽ സുലഭമാണ്.
പല രൂപത്തിലും ഭാവത്തിലും
2020 ജനുവരി 27ലെ പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം പഴം, പച്ചക്കറി എന്നിവ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുവില്ക്കുന്നത് നിരോധിച്ചതാണ്. 10,000 രൂപയാണ് പിഴയായി ചുമത്തുന്നത്. കേരളത്തിൽ ഇവ ഉത്പാദിപ്പിക്കുന്നില്ലെങ്കിലും ഇതര സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. പരിശോധനയുള്ളപ്പോൾ പൂഴ്ത്തിവയ്ക്കുകയും അല്ലാത്തപ്പോൾ വിൽക്കുകയും ചെയ്യുന്നതാണ് രീതി.
പരിശോധന കർശനമാക്കി
പഞ്ചായത്തുകളിൽ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഹെൽത്ത് ഇൻസ്പെക്ടർമാർ, ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന.
തദ്ദേശ സ്ഥാപനങ്ങളിൽ തുടർച്ചയായി 3തവണ നിരോധിത ഉത്പന്നങ്ങൾ കണ്ടെത്തിയാൽ
50,000 രൂപ പിഴയും കടയുടെ ലൈസൻസ് റദ്ദാക്കലും
നിരോധിച്ചവ
പ്ലാസ്റ്റിക് കൊണ്ടുള്ള ക്യാരിബാഗ്, ഷോപ്പിംഗ് ബാഗ്, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റ്, സ്ട്രോ, സ്പൂൺ, തെർമോക്കോളോ സ്റ്റിറോഫോമോ ഉപയോഗിച്ച് നിർമ്മിച്ച പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കൾ, 500 മില്ലിലിറ്ററിൽ താഴെ ശുദ്ധജലം പായ്ക്ക് ചെയ്ത കുപ്പി, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്, പി.വി.സി ഫ്ലെക്സ് വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുള്ള തുണികൾ.