പത്തു സെക്കൻഡിൽ തിരികെ കിട്ടിയ ജീവൻ
ആലപ്പുഴ : വാഹനം ഓടിക്കൊണ്ടിരിക്കെ കേട്ട ഉഗ്ര ശബ്ദത്തിന്റെയും, കണ്ട കാഴ്ചയുടെയും ഞെട്ടലിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല ചക്കുളത്തുകാവ് നെടുമ്പ്രം വൈപ്പനേൽ വീട്ടിൽ സനിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഓട്ടം കഴിഞ്ഞു മടങ്ങവേയാണ് സനിൽ ഓടിച്ചിരുന്ന കാറിനു പിന്നാലെ എത്തിയ പള്ളിപ്പാട് സ്വദേശി രാജേഷിന്റെ വാഹനത്തിന് മുകളിൽ ഗർഡർ പതിച്ചത്. ആദ്യ സെക്കൻഡുകളിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്ന് സനിൽ പറഞ്ഞു. രാജേഷിന്റെ വാഹനത്തിന് മുന്നിൽ ഒരു കാർ, സനിൽ ഓടിച്ച കാർ, ലോറി എന്നിവയാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ മുന്നോട്ട് മാറി രക്ഷപെട്ടത്. ഈ മൂന്ന് വാഹനങ്ങളിലും ഡ്രൈവർമാർ ഒറ്റക്കായിരുന്നു യാത്ര. ഉഗ്ര ശബ്‍ദം കേട്ട് മൂന്ന് ഡ്രൈവർമാരും ഓടി എത്തിയപ്പോൾ രാജേഷിന്റെ വാഹനം ഗാർഡറിന് അടിയിൽ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. 20 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയാണ് സനിൽ. ഒരു കുടുംബത്തെ വിദേശത്തേക്ക് യാത്രയാക്കിയ ശേഷം അവരുടെ കാറിൽ ഒറ്റയ്ക്കായിരുന്നു മടക്ക യാത്ര.