മാനുകൾ ചത്തത് ദൗർഭാഗ്യകരം: മന്ത്രി
Friday 14 November 2025 12:00 AM IST
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്തത് ദൗർഭാഗ്യകരമാണെന്ന് സ്ഥലം എം.എൽ.എയും റവന്യൂ മന്ത്രിയുമായ കെ. രാജൻ. ചത്ത മാനുകളുടെ ആന്തരികാവയവങ്ങളടക്കം വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എല്ലാവിധ അന്വേഷണവും നടക്കും. സുരക്ഷ വർദ്ധിപ്പിക്കണമെങ്കിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചെയ്യും. വനം വകുപ്പിന്റെ 12 ഉദ്യോഗസ്ഥരെ കൂടി പാർക്കിലേക്ക് നിയോഗിച്ചിട്ടുണ്ട്. സുവോളജിക്കൽ പാർക്ക് എന്ന മഹത്തായ ആശയത്തെ തകർക്കാനുള്ള ഒരു നീക്കവും ഉണ്ടാകരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഉദ്ഘാടനത്തിന്റെ അന്ന് രാവിലെയല്ല മൃഗങ്ങൾ വന്നത്. 2024 ഒക്ടോബറിലാണ് ഇവിടെ മാനുകളെ കൊണ്ടുവന്നത്. ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തതുകൊണ്ടാണ് മാനുകൾ ചത്തതെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.