ചെമ്പൈ സംഗീതോത്സവം ഞായറാഴ്ച

Friday 14 November 2025 12:00 AM IST

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം 6 ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ കലാമണ്ഡലം ഗോപിയാശാൻ നിർവഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അദ്ധ്യക്ഷനാകും. ഈ വർഷത്തെ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം പ്രൊഫ.പാൽകുളങ്ങര കെ.അംബികാദേവിക്ക് സമർപ്പിക്കും. പുരസ്‌കാര ജേതാവ് പ്രൊഫ.പാൽകുളങ്ങര കെ.അംബികാദേവിയുടെ സംഗീത കച്ചേരി അരങ്ങേറും. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ ക്ഷേത്രം ശ്രീലകത്തു നിന്ന് പകർന്നു കൊണ്ടുവരുന്ന ഭദ്രദീപം ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് സംഗീത മണ്ഡപത്തിൽ തെളിക്കും. തുടർന്ന് മംഗളവാദ്യത്തോടെ ഏകാദശി ദിവസം വരെ നീളുന്ന സംഗീതോത്സവത്തിന് തുടക്കമാകും.