ഉയിരെടുത്ത് ഉയരപ്പാത
ആലപ്പുഴ: സുരക്ഷാ വീഴ്ചകൾ തുടർക്കഥയായ ഉയരപ്പാത നിർമ്മാണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇന്നലെ അപകടത്തിൽ മരിച്ച രാജേഷ്. ദേശീയപാത 66ൽ അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന ചമ്മനാടിന് സമീപം പിക്കപ്പ് വാനിന് മുകളിലേയ്ക്ക് ഗർഡർ തകർന്നുവീണാണ് ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് ജിഷ്ണുഭവനിൽ സി.ആർ.രാജേഷ് (47) മരിച്ചത്.
ടൺ കണക്കിന് ഭാരമുള്ള ഗർഡറുകൾ സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും കരാർ കമ്പനി പാലിക്കാത്തതാണ് ഇന്നലെ ദുരന്തം വിളിച്ചുവരുത്തിയത്.
പല തവണ ഇരുമ്പ് ബീമുകൾ അടക്കം നിലം പതിച്ച മുൻകാല അനുഭവങ്ങളും, ജനങ്ങളുടെ പരാതിയും നിർമ്മാണ കമ്പനി അവഗണിച്ചു. രാജേഷിന്റെ വാഹനത്തിന് മുകളിൽ ഗർഡർ പതിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ലോറിയടക്കം മൂന്ന് വാഹനങ്ങൾ സെക്കൻഡുകളുടെ വ്യത്യാസത്തിൽ കടന്നുപോയിരുന്നു. രാജേഷ് ഓടിച്ച പിക്കപ്പ് വാഹനത്തിന് പിന്നിലുണ്ടായിരുന്നത് സൂപ്പർ ഫാസ്റ്റ് ബസ്സായിരുന്നു. അപകടം സെക്കൻഡുകൾ വഴിമാറിയിരുന്നെങ്കിൽ നിരവധി ജീവനകൾ പൊലിയുന്ന വലിയ ദുരന്തത്തിന് നാടിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു.
ഗർഡറുകൾ സ്ഥാപിക്കുന്ന സമയത്ത് നിലം പതിക്കാതിരിക്കാൻ പാതയുടെ പത്തടി താഴ്ചയിൽ ക്രോസായി വലിയ ബീമുകൾ താൽക്കാലികമായി സ്ഥാപിക്കണമെന്നും, ഗർഡർ താഴേക്ക് വീണാൽ ഇവയിൽ തടഞ്ഞുനിൽക്കുന്ന ആധുനിക സംവിധാനങ്ങൾ ഉണ്ടായിരിക്കണമന്നുമുള്ള നിർദ്ദേശം മോട്ടോർ വാഹന വകുപ്പ് മുമ്പ് നൽകിയിട്ടുള്ളതാണെന്നും അതു പാലിക്കപ്പെട്ടില്ലെന്നും ആലപ്പുഴ ആർ.ടി.ഒ സജിപ്രസാദ് പറഞ്ഞു. ഇത്ര വലിയ പ്രവൃത്തി നടക്കുന്ന സമയത്തും ഏത് വാഹനത്തിനും വേഗതയിൽ കടന്നുപോകാവുന്ന തരത്തിലാണ് ഇവിടെ മരണക്കെണി ഒരുക്കിയിരുന്നത്.
മുന്നറിയിപ്പ് ബോർഡില്ല
ഗതാഗത നിയന്ത്രണമില്ല
രാത്രിയിൽ പ്രദേശത്ത് വെളിച്ചമില്ല
നിർമ്മാണ മേഖലയിൽ ബാരിക്കേഡുകളില്ല
അഴുക്കുചാലുകൾ നിർമ്മാണ സാമഗ്രികൾ വീണ് നിറയുന്നു
കൃത്യമായ സൂചനാ ബോർഡുകളില്ല
റോഡിലെ കുഴികൾ അപകടം കൂട്ടുന്നു