കണ്ണീരുണങ്ങാതെ പള്ളിപ്പാട്
ആലപ്പുഴ : ഒരു നാടാകെ കരയുന്ന കാഴ്ചയായിരുന്നു ഇന്നലെ പള്ളിപ്പാട്ട്. അതിരാവിലെ ദുരന്തവാർത്ത അറിഞ്ഞപ്പോൾ മുതൽ നാട്ടുകാർ രാജേഷിന്റെ വീട്ടിലേക്ക് എത്തിത്തുടങ്ങി. രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഇന്നലെ രാത്രി ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. നിയന്ത്രിക്കാനാകാത്ത തിരക്ക് മൂലം സംസ്‌ക്കാരചടങ്ങുകൾ ആരംഭിക്കാനും വൈകി.
പള്ളിപ്പാട് ഓട്ടോ സ്റ്റാൻഡിൽ 20 വർഷത്തിലധികമായി ഓടെ തൊഴിലാളിയായി ജോലി ചെയ്തുവന്ന രാജേഷിന്റെ വിയോഗം സുഹൃത്തുക്കൾക്ക് താങ്ങാവുന്നതായിരുന്നില്ല. മക്കളായ ജിഷ്ണുവിന്റെയും കൃഷ്ണവേണിയുടെ സുഹൃത്തുക്കളും അദ്ധ്യാപകരും ദുഃഖമടക്കാൻ പാടുപെട്ടു.രമേശ് ചെന്നിത്തല എം.എൽ.എ, എ.എ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ എന്നിവരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
പള്ളിപ്പാട് ജംഗ്ഷനിൽ നിന്ന് ഓട്ടോ തൊഴിലാളികൾ വിലാപ യാത്രയായിട്ടാണ് മൃദേഹം വീട്ടിൽ എത്തിച്ചത്.
എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് വൈകിട്ട് 6.39ന് മൃതദേഹം രാജേഷിന്റെ വസതിയായി പള്ളിപ്പാട് ജിഷ്ണുഭവനിലേക്ക് കൊണ്ടുവന്നു. ദുഃഖം താങ്ങാനാവാതെ രാജേഷിന്റെ ഉറ്റവരുടെ അലമുറയിട്ടുള്ള കരച്ചിൽ കൂടി നിന്നവരെയും കണ്ണീരിലാഴ്ത്തി. 7.25ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. 7.50ഓടെ സംസ്കാരം നടന്നു.